cpi

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് സി.പി.ഐ എക്സിക്യൂട്ടീവിൽ ആവശ്യം. സ്ഥാനാർത്ഥികൾക്ക് ആവശ്യമായത്ര മുന്നൊരുക്കങ്ങൾ നടത്താൻ ഇത് സഹായകമാവുമെന്നും യോഗത്തിൽ ചില നേതാക്കൾ ചൂണ്ടിക്കാട്ടി.

സ്ഥാനാർത്ഥി നിർണ്ണയ ചർച്ച പാർട്ടി തലത്തിൽ തുടങ്ങും മുമ്പെ ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകൾ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതിൽ മന്ത്രി ജി.ആർ.അനിൽ അഹിതം പ്രകടമാക്കി. പാർലമെന്ററി താത്പര്യം സ്വന്തമായി പ്രകടമാക്കിയാൽ അത്തരക്കാരെ ഒഴിവാക്കുന്ന പാർട്ടിയാണ് സി.പി.ഐ. ഇതിന് വിരുദ്ധമായാണ് ചിലരുടെ പേരുകൾ പ്രചരിക്കുന്നത്. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാവാൻ സാദ്ധ്യതയുള്ള നേതാക്കളുടെ പേരുകൾ മാദ്ധ്യമങ്ങളിൽ വന്നതാണ് വിമർശനത്തിന് വഴി തെളിച്ചത്. എല്ലാക്കാലത്തും മാദ്ധ്യമങ്ങൾ അവരുടേതായ സ്ഥാനാർത്ഥികളെ അവതരിപ്പിക്കാറുണ്ടെന്നും ,അതിനെ ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തിൽ പറഞ്ഞു.

ഫെബ്രുവരി രണ്ട് മുതൽ നാല് വരെ ഹൈദരാബാദിൽ ചേരുന്ന നാഷണൽ എക്സിക്യൂട്ടീവിലും 8,9,10 തീയതികളിൽ ചേരുന്ന സംസ്ഥാന കൗൺസിലിലും സ്ഥാനാർത്ഥി ചർച്ചകൾ നടക്കും. പാർട്ടി നേരത്തേ മത്സരിച്ചിട്ടുള്ള സീറ്റുകളിൽ സ്ഥാനാർത്ഥികളാക്കാവുന്ന രണ്ടോ മൂന്നോ വ്യക്തികളുടെ പേരുകൾ നൽകാൻ ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികൾക്ക് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകും.