1

വിഴിഞ്ഞം: വിഴിഞ്ഞം ഫിഷ്ലാൻഡ് കേന്ദ്രത്തിനു സമീപം സജ്ജമായ മത്സ്യ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം അടുത്തമാസം ആദ്യവാരം നടക്കും. പാചകത്തിന് തയ്യാറാക്കി മത്സ്യം വീട്ടുമുറ്റത്തെത്തിക്കുന്ന റെഡി ടു കുക്ക് പദ്ധതിയുടെ ഭാഗമായാണ് 1200 സ്‌ക്വയ‌ർ ഫീറ്റിലെ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1.3 കോടി രൂപ ചെലവഴിച്ചുള്ളതാണ് പദ്ധതി. ഓൺലൈനായി ഓർഡർ ചെയ്‌താലുടൻ ഫ്രഷ് മത്സ്യമെത്തിക്കുന്നതിനായി ഫിഷ് മെയ്‌ഡ് ഓൺലൈൻ എന്ന പ്ലാറ്റ്ഫോമും സജ്ജമാക്കി. ആദ്യഘട്ടത്തിൽ കഴക്കൂട്ടം മുതൽ കോവളം ഭാഗത്തേക്കുള്ള മേഖലകളിലാകും വിതരണം. മത്സ്യം കേടുവരാതെ സൂക്ഷിക്കുന്ന രീതിയിലാകും പാക്കിംഗ്.

ഓരോ മീനിനും അതിന്റെ രുചിക്ക് അനുസരിച്ചുള്ള ചേരുവകളും കറിക്കൂട്ടുകളും ഇവിടെ നിന്ന് ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതി വിജയിച്ചാൽ സൂപ്പർ മാർക്കറ്റുകൾ വഴിയും റെഡി ടു കുക്ക് മീൻ വില്പന നടത്തുമെന്ന് അധികൃതർ പറഞ്ഞു. മത്സ്യ സംസ്‌കരണ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല തീരദേശ വികസന കോർപ്പറേഷനാണ്.