കല്ലമ്പലം: കരവാരം പഞ്ചായത്തിലെ അഞ്ചാം വാർഡിലുൾപ്പെട്ട പിണയ്ക്കോട്ട് കോണം,മാറൻകോട് കോളനി എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷം. കുടിവെള്ളപൈപ്പിലൂടെ വെള്ളം വന്നിട്ട് രണ്ടാഴ്ചയോളമാകുന്നു. പ്രദേശത്തെ ഒട്ടുമിക്ക കിണറുകളും വറ്റിവരണ്ടു. 200ൽപ്പരം കുടുംബങ്ങളാണ് പ്രദേശത്ത് കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്. പ്രധാന റോഡിലൂടെയുള്ള പൈപ്പുകളിൽ വെള്ളം ലഭിക്കുമെങ്കിലും കോളനിയിലേക്കുള്ള ജലവിതരണ പൈപ്പിന്റെ ടാപ്പ് തുറക്കാറില്ലെന്നാണ് ആക്ഷേപം. രോഗികളും വയോധികരുമുള്ള ഇവിടെ ജലവിതരണം മുടങ്ങിയത് ദൈനംദിന ജീവിതത്തെത്തന്നെ താളം തെറ്റിച്ചു. കർഷകകുടുംബങ്ങളും ധാരാളമുള്ള ഇവിടെ കാർഷിക മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. നാൽക്കാലികളും വെള്ളം കിട്ടാതെ വലയുകയാണ്. അടിയന്തരമായി കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.