
കഴക്കൂട്ടം: കണിയാപുരം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് കാരണമായ പാഴ്മരങ്ങൾ മുറിച്ചുമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം.ഇതുവഴി വരുന്ന കെ.എസ്.ആർ.ടി.സി ബസുകളടക്കമുള്ള വാഹനങ്ങൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളിലിടിക്കുന്നത് നിത്യസംഭവമാണ്.എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോവാൻ സൈഡ് കൊടുക്കാനും കഴിയില്ല. റെയിവേ ഗേറ്റിന് സമീപമാണ് അപകടാവസ്ഥയിലായ രണ്ടു മരങ്ങൾ നിൽക്കുന്നത്.ദിവസവും ട്രെയിനുകൾക്ക് കടന്നുപോവാൻ ഗേറ്റടയ്ക്കുന്നതോടെ ചിറയിൻകീഴ്,പെരുമാതുറ,ആലുംമൂട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ഇവിടുത്തെ കുരുക്കിൽപ്പെട്ട് അനങ്ങാൻ കഴിയില്ല.വാഹനങ്ങളുടെ നീണ്ട നിര ആലൂംമൂട് ദേശീയപാത വരെ നീളുന്നു.അതാത് സ്ഥലങ്ങളിലേക്ക് പോകുന്ന റോഡിലേക്ക് ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചാൽ കുരുക്കഴിക്കാൻ കഴിയുമെന്നാണ് പ്രദേശവാസികളും യാത്രക്കാരും പറയുന്നത്.മരങ്ങൾ മുറിച്ച് ബസ് സ്റ്രോപ്പ് മാറ്റി സ്ഥാപിക്കുന്നതിന് കണിയാപുരം ഡെവലപ്പ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അണ്ടൂർക്കോണം പഞ്ചായത്തിൽ നിവേദനം നൽകി.