l

കൊണ്ടോട്ടി: കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തെ മൊബൈൽ ഷോപ്പ് പൊളിച്ച് നാല് ലക്ഷത്തോളം വില വരുന്ന മൊബൈലുകൾ കവർന്ന കേസിൽ കർണാടക സ്വദേശികൾ അറസ്റ്റിൽ. കർണാടക ചിക്കബല്ലാപുരം തട്ടനാഗരി പള്ളി സ്വദേശി ഹരിഷ (23), കവർന്ന മൊബൈലുകൾ വിൽക്കാൻ സഹായിച്ച കർണാടക പൊലീസിലെ ഹോം ഗാർഡും മടിക്കേരി കൈക്കേരി ഗാന്ധിനഗർ സ്വദേശിയുമായ മോഹൻ കുമാർ (27) എന്നിവരാണ് പിടിയിലായത്. 29ന് രാത്രി കട പൊളിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം ബംഗളൂരുവിലെത്തി മോഹനന്റെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തി. വില കൂടിയ മൊബൈലുകൾ തുച്ഛമായ തുകയ്ക്കാണ് വിറ്റത്. കർണാടക-ആന്ധ്ര അതിർത്തി പ്രദേശമായ ബാഗ്യപള്ളിയിൽ നിന്നാണ് ഹരിഷയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ കണ്ണൂർ പയ്യന്നൂർ ബസ് സ്റ്റാൻ‌ഡ് പരിസരത്തെ മൊബൈൽ കട പൊളിച്ച് അരലക്ഷത്തോളം രൂപ കവർന്ന സംഭവത്തിനും തുമ്പായി. കഴിഞ്ഞ വർഷം മാവൂരിലെ മൊബൈൽ കട പൊളിച്ച് മൊബൈലുകൾ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഇയാൾ അടുത്തകാലത്താണ് ജാമ്യത്തിലിറങ്ങിയത്. 2021ൽ ഭിക്ഷാടനത്തിനായി കേരളത്തിലെത്തിയ ഹരിഷയ്ക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ, മാവൂർ, കുന്ദമംഗലം, കൽപ്പറ്റ , മാനന്തവാടി , ഇരുട്ടി ,പയ്യന്നൂർ , കൂത്തുപറമ്പ് സ്റ്റേഷനുകളിലായി 10 ഓളം കളവ് കേസുകൾ നിലവിലുണ്ട്. കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പെക്ടർ മനോജ് പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ് , ശശികുമാർ, അബ്ദുള്ള ബാബു എന്നിവരടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്.