p

തിരുവനന്തപുരം: കളക്ഷന്റെ കാര്യത്തിലടക്കം ഇ ബസുകൾ നഷ്ടമല്ലെന്ന റിപ്പോർട്ട് കെ.എസ്.ആർ.ടി.സി തയ്യാറാക്കുന്നു. വൈകാതെ ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് കൈമാറും. സി.എം.ഡി ബിജു പ്രഭാകർ വിദേശത്തു പോയതിനാൽ ജോയിന്റ് എം.‌ഡി പി.എസ്.പ്രമോജ് ശങ്കറായിരിക്കും കൈമാറുക. ഇതോടെ ഇ ബസുകൾ നഷ്ടമാണെന്ന നിലപാടിൽ നിന്ന് മന്ത്രി കെ.ബി. ഗണേശ് കുമാറിന് പിന്മാറേണ്ടിവരുമെന്നാണ് സൂചന. നഗരസഭയുടേയും കേന്ദ്രത്തിന്റെയും ഇ ബസ് പദ്ധതികളുമായി മുന്നോട്ടു പോകേണ്ട എന്ന നിലപാടും അദ്ദേഹത്തിന് തിരുത്തേണ്ടി വന്നേക്കും.

ഇ ബസുകൾക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്. ജൂലായിൽ 13.46 രൂപ വരെയായി ഉയർന്നിരുന്നു. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെ 2.88 കോടിയുടെ ലാഭം കിട്ടിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടും. തിരക്കു കുറഞ്ഞ സമയങ്ങളിൽ മാത്രമാണ് ഇ ബസിലും കളക്ഷൻ കുറയുന്നത്. ഒരു ദിവസത്തെ ആകെ കളക്ഷൻ കണക്കാക്കുമ്പോൾ അത് നഷ്ടമായി മാറുന്നില്ലെന്നും ചൂണ്ടിക്കാട്ടും.

സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ഇ ബസുകളല്ലാതെ ഡീസൽ ബസുകൾ വാങ്ങാൻ കഴിയില്ലെന്ന് തലസ്ഥാന നഗരസഭയും ഗതാഗതവകുപ്പിനെ അറിയിക്കും. ഇതോടെ

ടെൻഡർ റദ്ദാക്കിയ നടപടി കെ.എസ്.ആർ.ടി.സിക്ക് പുനഃപരിശോധിക്കേണ്ടി വരും.

950 ഇ ബസ്: തീരുമാനം

മന്ത്രിസഭയ്ക്ക് വിട്ടേക്കും

കേന്ദ്ര സർക്കാരിന്റെ പി.എം ഇ ബസ് സേവ പദ്ധതി പ്രകാരം ലഭിക്കുന്ന 950 ബസുകൾ വാങ്ങണോ വേണ്ടയോ എന്നതു സംബന്ധിച്ച് ധനവകുപ്പ് മന്ത്രിസഭയുടെ അനുമതി തേടിയേക്കും. ആദ്യഘട്ടത്തിൽ 150 ഇ ബസുകൾ വീതം കൊച്ചി, കോഴിക്കോട്, 100 വീതം കൊല്ലം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, 50 വിതം ചേർത്തല, കായംകുളം, കോട്ടയം എന്നിവിടങ്ങളിലേക്കാണ് കേന്ദ്രം അനുവദിക്കുക.