
നാഗർകോവിൽ: ഇരണിയലിൽ ട്രാൻസ്‌പോർട്ട് ജീവനക്കാരനെ വികാരിയുടെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് വികാരികൾ ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തു. തിങ്കൾച്ചന്ത മൈലോട് മടത്തുവിള സ്വദേശി സേവിയർ കുമാറിനെ (45) കൊലപ്പെടുത്തിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം.
സേവിയർ കുമാർ തമിഴ്നാട് ട്രാൻസ്‌പോർട്ടിൽ മെക്കാനിക്കായിരുന്നു.ഇയാൾ നാം തമിഴർ പാർട്ടിയുടെ തക്കല മണ്ഡലം പ്രസിഡന്റ് കൂടിയാണ്.ഭാര്യ ജെമിനി ഡയോസിസ് സ്കൂളിലെ അദ്ധ്യാപികയാണ്. പള്ളിയിലെ കണക്ക് വിവരങ്ങളിൽ തർക്കമുണ്ടായതിനെ തുടർന്ന് സേവിയർ പള്ളി വികാരിയോട് ഇതേക്കുറിച്ച് ചോദിച്ചു. ഇതിന്റെ പ്രതികാരമായി ജെമിനിയെ സ്കൂളിൽ നിന്ന് പിരിച്ചുവിട്ട് സേവിയറിനെക്കുറിച്ച് വികാരി സമൂഹമാദ്ധ്യമങ്ങളിൽ മോശമായി അഭിപ്രായം രേഖപ്പെടുത്തി. തുടർന്ന് ശനിയാഴ്ച സേവ്യറിനെ കുമ്പസാരിക്കാനായി പള്ളിയിൽ വരാനും വികാരി ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് പള്ളിയിലെത്തിയ സേവിയറെ വികാരിയുടെ ഓഫീസിലുണ്ടായിരുന്നവർ അയൺ ബോക്സ് കൊണ്ട് തലയിൽ അടിച്ച് മർദ്ദിക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ സേവിയർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.തുടർന്ന് പ്രതികൾ സി.സി ടിവിയുടെ ഡി.വി.ആർ കൈവശപ്പെടുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ മൃതദേഹമെടുക്കാൻ സമ്മതിക്കാതെ പൊലീസിനെ തടഞ്ഞു.എ.എസ്.പി പ്രവീൺ ഗൗതം സമരക്കാരോട് സംസാരിച്ചതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ 3ഓടെയാണ് മൃതദേഹം ഇൻക്വസ്റ്റിനായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതികൾക്കായി ജില്ലാ പൊലീസ് മേധാവി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ 10 സ്പെഷ്യൽ ടീമുകൾ രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചു. സേവിയറിന്റെ മക്കൾ: ജസീമ,ജസി,
ആർ.സി ഡിയോസിസ്
ഓഫീസ് ഉപരോധിച്ചു
പ്രതികളെ പിടികൂടാത്തതിലും വികാരികളെ സസ്പെൻഡ് ചെയ്യാത്തതിലും പ്രതിഷേധിച്ച് ബന്ധുക്കളും, നാം തമിഴർ പ്രവർത്തകരും കരിങ്കൊടിയുമായി കുഴിത്തുറ ആർ.സി ഡയോസിസ് ഓഫീസ് ഉപരോധിച്ചു. പൊലീസും സമരക്കാരും ചേർന്ന് നടത്തിയ സംഭാഷണത്തിൽ ഡയോസിയെസിൽ നിന്ന് സമരം താത്കാലികമായി പിൻവലിച്ചു. എന്നാൽ പ്രതികളെ പിടികൂടാതെ മൃതദേഹം കൈപ്പറ്റില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.