
തിരുവനന്തപുരം: പ്രപഞ്ചത്തിന്റെ പൂർണരൂപവും നക്ഷത്രങ്ങളും ആകാശവും കാണാൻ തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിലെത്തിയാൽ മതി.ഭൂമിയിൽ നിന്ന് കാണാനാവാത്ത പ്രപഞ്ചത്തിന്റെ ഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. ഐ.എസ്.ആർ.ഒ പവലിയനിൽ എത്തുന്നവർക്ക് ബഹിരാകാശ സഞ്ചാരികളുടെ വേഷത്തിൽ സെൽഫിയെടുക്കാം. ചാൾസ് ഡാർവിന്റെ മെഴുക് പ്രതിമ, പരിണാമസിദ്ധാന്തത്തിന്റെ നാൾവഴികൾ എന്നിവ എച്ച്.എം.എസ് ബീഗിൾ എന്ന കപ്പലിന്റെ രൂപത്തിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശനം മുഴുവനായി കാണാൻ എട്ടുമണിക്കൂർ എടുക്കുമെന്ന് സംഘാടകർ പറയുന്നു. ഇന്നലെ സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ സംഗീതവിരുന്നും നടന്നു. ഫെസ്റ്റിന്റെ ഭാഗമായി ഏരീസ് പ്ലക്സിൽ 'ത്രീഡി സ്‌പെയ്‌സ് സഫാരി' ത്രിഡി ചിത്രം പ്രദർശിപ്പിച്ചു. പ്രപഞ്ചവിസ്മയവും ബഹിരാകാശദൗത്യങ്ങളുമാണ് ചിത്രത്തിലുള്ളത്.
പബ്ലിക്ക് ടോക്ക്
പബ്ലിക് ടോക്കിൽ ഇന്ന് ഇന്ത്യൻ-ബ്രിട്ടിഷ് അമേരിക്കൻ ചാർട്ടേഡ് സ്ട്രക്ചറൽ എൻജിനിയറായ റോമ അഗർവാളും,നാളെ ഇംഗ്ലണ്ടിലെ ലോഫ്ബ്‌റോ യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് ആർട്‌സ് വിഭാഗം മേധാവിയായ മൈക്കിൾ വിൽസണും സംസാരിക്കും. നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സംവാദവും ഇന്ന് നടക്കും. നാളെ വി.എസ്.എസ്.സിയിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാരുമായുള്ള സംവാദം രാവിലെ 10 മുതൽ 4വരെ നടക്കും. വി.എസ്.എസ്.സിയിൽ നിന്നുള്ള ഡോ.സുരേഷ് ബാബു, ഡോ.ഷനീത്.എം, ഷീജു ചന്ദ്രൻ, ജെയ്‌സൺ ജോസഫ് തുടങ്ങിയവരും സംസാരിക്കും. പങ്കെടുക്കാൻ www.gsfk.org വഴി രജിസ്റ്റർ ചെയ്യാം.