
തിരുവനന്തപുരം: ഈ മാസം 25 ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സർക്കാർ രാജ്ഭവന് കൈമാറി. കഴിഞ്ഞ മന്ത്രിസഭായോഗം കരടിന് അംഗീകാരം നൽകിയിരുന്നു.
സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർക്കെതിരായ പരാമർശങ്ങൾ നയപ്രഖ്യാപനത്തിൽ അധികമില്ലെന്നാണ് അറിയുന്നത്. എന്നാൽ കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെ കടുത്ത പരാമർശങ്ങളുണ്ട്. കരടിന് ഗവർണർ അനുമതി നൽകണം. സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതം നഷ്ടമായതും ജി.എസ്.ടി നഷ്ടപരിഹാരമായി കിട്ടിയിരുന്ന 12,000 കോടി ഇല്ലാതായതും പ്രസംഗത്തിൽ ഉണ്ടെന്നറിയുന്നു. ക്രമസമാധാനനില ഭദ്രമാണെന്നും ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം കുറ്റമറ്റതാണെന്നും പറയുന്നുണ്ട്. സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന തകർച്ചയുണ്ടെന്നും ഭരണഘടനാ പ്രതിസന്ധിയുണ്ടെന്നും ഗവർണർ നേരത്തെ കേന്ദ്രത്തിന് റിപ്പോർട്ട് അയച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ക്രമസമാധാനം ഭദ്രമെന്ന ഭാഗം ഗവർണർ വായിക്കുമോ എന്നതാണ് കൗതുകകരം.
ഡി.വൈ.എഫ്.ഐ
ഗാന്ധി അനുസ്മരണം 30ന്
കോഴിക്കോട്: ജനുവരി 30ന് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ 'ഈശ്വര അള്ളാഹ് തേരേ നാം' എന്ന പേരിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മുപ്പതിനായിരം യൂണിറ്റ് കേന്ദ്രങ്ങളിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സെക്രട്ടറി വി.കെ.സനോജ് എന്നിവർ അറിയിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയും ഫെഡറൽ സംവിധാനവും തകർത്ത് ജനങ്ങളെ വർഗീയമായി വിഭജിക്കുകയും യുവജനങ്ങളെ തൊഴിൽ നൽകാതെ വഞ്ചിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിനെതിരെയുള്ള പോരാട്ടങ്ങൾ തുടരും.
ഐതിഹാസിക വിജയമായ മനുഷ്യച്ചങ്ങലയിൽ 20 ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു. ഇത്തരം പോരാട്ടങ്ങൾക്ക് തുടർച്ചയുണ്ടാവും.