p

വിജയവാഡ: വൈ.എസ്. ശർമ്മിള ആന്ധ്രപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷയായി ചുമതലയേറ്റെടുത്തതോടെ സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ ലോക്സഭാ, സംസ്ഥാന

തിര‌ഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുക. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം മുതലാക്കുന്നതിനൊപ്പം അഴിമതി ആരോപണങ്ങൾ കൂടി ശക്തമാക്കാനാണ് തെലുങ്കുദേശം പാർട്ടിയുടെ തീരുമാനം. ഒപ്പം ഘടകകക്ഷിയായ ജനസേനാ പാർട്ടിയുമുണ്ട്. തെലുങ്കുദേശം പാർട്ടി എൻ.ഡി.എ ഘടകകക്ഷിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

അതേസമയം, കോൺഗ്രസ് മുന്നോട്ടു വച്ച ജാതി സെൻസസ് 19 മുതൽ ആരംഭിച്ച് സഹോദരി ശർമ്മിളയ്ക്ക് പരോക്ഷ മറുപടി നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി ജഗൻ. 28 വരെയാണ് സെൻസസ്. പൂർണമായ വിവരശേഖരണം ചുരുങ്ങിയ നാളുകളിൽ നടക്കില്ലെങ്കിലും അത് തിരഞ്ഞെടുപ്പിൽ ആയുധമാക്കാൻ ജഗന് കഴിയും.

ആദിവാസികളുടെ പദ്ധതികളെല്ലാം ജഗൻ സർക്കാർ ഇല്ലാതാക്കിയെന്ന ആരോപണമാണ് മുൻമുഖ്യമന്ത്രിയും ടി.‌ഡി.പി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ഉയർത്തുന്നത്. മുഖ്യമന്ത്രി ജഗൻ മോഹൻ 16 ആദിവാസി ക്ഷേമ പദ്ധതികൾ പിൻവലിച്ചുവെന്നും ഇതിന്റെ ഫലമായാണ് ആദിവാസി മേഖലയിൽ മരണങ്ങൾ സംഭവിക്കുന്നതെന്നും കോട്ടയിൽ ഒരു സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ആദിവാസി മേഖലയിൽ ബോക്‌സൈറ്റ് ഖനനത്തെ ടി.ഡി.പി സർക്കാർ എതിർത്തിരുന്നു. എന്നാൽ ലാറ്ററൈറ്റ് എന്ന പേരിൽ വൻതോതിലുള്ള ബോക്‌സൈറ്റ് ഖനനത്തിൽ വൈ.എസ്.ആർ.സി.പി സർക്കാർ പങ്കാളികളാണ്. ഖനനം ചെയ്യുന്ന ബോക്‌സൈറ്റ് മുഖ്യമന്ത്രിയുടെ ഭാരതി സിമന്റ്സിലേക്കാണ് കൊണ്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് നേതാക്കളെ

പാട്ടിലാക്കാൻ പവൻ

കോൺഗ്രസ് നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാൻ ജനസേന പാർട്ടി പ്രസിഡന്റ് പവൻ കല്യാൺ ശ്രമം ആരംഭിച്ചു. മുൻമന്ത്രി കൊണത്തല രാമകൃഷ്ണയെ പാർട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം ഇന്നലെ കത്തെഴുതി. പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കാൻ രാമകൃഷ്ണയുടെ സേവനം സഹായിക്കും. സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് ബോധ്യമുള്ള രാമകൃഷ്ണ പാർട്ടിയിൽ ചേരുന്നതോടെ ജനസേന കൂടുതൽ ശക്തമാകുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.