
കുന്നംകുളം:ചരിത്രപ്രസിദ്ധമായ ദക്ഷിണേന്ത്യയിലെ പ്രമുഖ ക്രൈസ്തവ ദേവാലയമായ കുന്നംകുളം ആർത്താറ്റ് സെന്റ്മേരിസ് ഓർത്തഡോക്സ് പള്ളിയിൽ മോഷണം. ഭണ്ഡാരം തകർത്തും ഓഫീസ് മുറിയുടെ വാതിൽ തകർത്തും പണം കവർന്നു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. മോഷണത്തിനായി മോഷ്ടാവ് കൊണ്ടുവന്നതെന്ന് കരുതുന്ന മരക്കഷണങ്ങൾ ഓഫീസ് മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. രാവിലെ അഞ്ചുമണിയോടെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. മോഷ്ടാവിന്റെ എന്ന് കരുതുന്ന ദൃശ്യങ്ങൾ പള്ളിയിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഓഫീസ് മുറിയിലും ഭണ്ഡാരത്തിലുമായി സൂക്ഷിച്ച 1700 രൂപയാണ് നഷ്ടപ്പെട്ടതെന്ന് പള്ളി ഭരണസമിതി ഭാരവാഹികൾ അറിയിച്ചു. പള്ളിയുടെ സമീപത്ത് ഓട് പുരയുടെ നിർമ്മാണം നടക്കുന്നതിനാൽ ഓഫീസിൽ പണം സൂക്ഷിക്കാറുണ്ട്. ഈ പണം നഷ്ടപ്പെട്ടിട്ടില്ല. പള്ളിയുടെ പുറത്ത് ഭണ്ഡാരത്തിൽ സൂക്ഷിച്ച പണവും ഓഫീസ് മുറിയിലെ വലിപ്പിൽ സൂക്ഷിച്ച പണവുമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ പള്ളി ഭരണസമിതി ഭാരവാഹികൾ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം സബ് ഇൻസ്പെക്ടർ സന്തോഷ് സിവിൽ പൊലീസ് ഓഫീസർ രാം ഗോപാൽ വിരലടയാളവിദഗ്ധരായ ബാലകൃഷ്ണൻ, രാംദാസ്, സനീഷ്, അനൂപ്,ഭാഗ്യനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.