
തിരുവനന്തപുരം: ഹയർ സെക്കൻഡറിതലം വരെയുള്ള വിദ്യാഭ്യാസത്തിന് ജില്ലാതല ഓഫീസുകൾ വരുന്നു. 14 ജില്ലകളിലും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ആസ്ഥാനം ജോയിന്റ് ഡി.ജി.ഇ (ജോയിന്റ് ഡയറക്‌ടർ ഒഫ് ജനറൽ എഡ്യൂക്കേഷൻ) ഓഫീസായിരിക്കും. പന്ത്രണ്ടാംക്ളാസ് വരെയുള്ള ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അക്കാഡമികവും ഭരണപരവുമായ നിർവഹണച്ചുമതല ഈ ഓഫീസർക്കായിരിക്കും.
ഇതോടെ ഹയർ സെക്കൻഡറി മേഖലയിലെ രണ്ടു ജില്ലകൾക്കു വീതമുള്ള ഏഴ് ആർ.ഡി.ഡി ഓഫീസുകൾ, വി.എച്ച്.എസ്.ഇയ്ക്കായുള്ള ഏഴ് എ.ഡി ഓഫീസുകൾ 14 ഡി.ഡി.ഇ ഓഫീസുകൾ ഉൾപ്പെടെ 28 ഓഫീസുകൾ ഇല്ലാതാകും.
പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ ഡി.ജി.ഇയ്ക്കു കീഴിൽ പ്രൈമറി എഡ്യൂക്കേഷൻ, സെക്കൻഡറി എഡ്യൂക്കേഷൻ, ജനറൽ എന്നീ വിഭാഗങ്ങളിലായി മൂന്ന് എ.ഡി,ജി.ഇമാരും പരീക്ഷ നടത്തിപ്പിനായി ഇതേ റാങ്കിൽ ഒരു ജോയിന്റ് കമ്മിഷണറും ഉണ്ടാവും. എ.ഡി,ജി.ഇയ്ക്കു കീഴിൽ സീനിയർ ജോയിന്റ് ഡി.ജി.ഇമാർ, ജോയിന്റ് ഡി.ജി.ഇമാർ എന്നിവരുണ്ടാകും.
ജില്ലാ ഓഫീസുകളിൽ ജോയിന്റ് ഡി.ജി.ഇയ്ക്ക് താഴെ പ്രീ പ്രൈമറി, പ്രൈമറി, സെക്കൻഡറി, ജനറൽ വിഭാഗങ്ങളിലായി മൂന്ന് സ്കൂൾ എഡ്യൂക്കേഷൻ ഓഫീസർ (എസ്.ഇ.ഒ) മാരുണ്ടാകും. റവന്യു ജില്ലയ്ക്ക് കീഴിലുള്ള ഓഫീസ് സംവിധാനമാണ് സ്‌കൂൾ എഡ്യൂക്കേഷൻ ഓഫീസ്. ഓരോ ജില്ലയിലുമുള്ള സ്‌കൂൾ എഡ്യൂക്കേഷൻ ഓഫീസറെ സഹായിക്കാൻ ഒരു എ.എസ്.ഇ.ഒ (അസിസ്റ്റന്റ് സ്കൂൾ എഡ്യൂക്കേഷൻ ഓഫീസർ) തസ്തികയും നിലവിൽവരും.
ബ്ളോക്ക്, മുനിസിപ്പൽ തലങ്ങളിൽ സ്കൂൾ എഡ്യൂക്കേഷൻ ഓഫീസ് ചുമതല സ്കൂൾ എഡ്യൂക്കേഷൻ ഓഫീസർക്കായിരിക്കും. ഗ്രാമപ്പഞ്ചായത്ത് തലങ്ങളിൽ പ്രീപ്രൈമറി, പ്രൈമറി വിദ്യാഭ്യാസ മോണിറ്ററിംഗിന് പഞ്ചായത്ത് എഡ്യൂക്കേഷൻ ഓഫീസർക്കാണ് ചുമതല.