തിരുവനന്തപുരം:നാല് ദിവസമായി കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് മണ്ണന്തല ശ്രീ നഗർ റസിഡന്റ്‌സ് അസോസിയേഷൻ മേഖയിലെ നൂറിലധികം വീട്ടുകാർ.വാട്ടർ അതോറിട്ടിയുടെ പൈപ്പ് തുറന്നാൽ കാറ്റ് മാത്രമാണ് വരുന്നത്.പൈപ്പ് വെള്ളത്തിനെ മാത്രം ആശ്രയിക്കുന്ന എസ്.എൻ നഗർ,ശ്രീനഗർ,അമ്പലത്തുനട,മടത്തുനട,പണിക്കൻവിള എന്നീ ഭാഗങ്ങളിലെ ജനങ്ങളാണ് ബുദ്ധിമുട്ടിലായത്. പാതിരപ്പള്ളി വാർഡിലുൾപ്പെട്ട പ്രദേശമാണിത്.
വെള്ളമില്ലെന്ന് കാട്ടി വാട്ടർ അതോറിട്ടിയുടെ പരാതി പരിഹാര നമ്പറിൽ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ നോക്കാമെന്ന് പറയുന്നതല്ലാതെ ഒന്നുമുണ്ടായില്ല.നാട്ടുകാർ ബന്ധപ്പെട്ട സെക്ഷൻ ഓഫീസായ പേരൂർക്കട അസിസ്റ്റന്റ് എൻജിനിയർ ഓഫീസ്,റോഡ് ഉപരോധം തുടങ്ങിയ ശക്തമായ പ്രതിഷേധപരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.അടിയന്തരമായി വെള്ളമെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.