hi

വെഞ്ഞാറമൂട്: പണി പൂർത്തീകരിച്ച വാമനപുരം മണ്ഡലത്തിലെ രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 3ന് മന്ത്രി കെ.രാജൻ നിർവഹിക്കും. റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിപ്രകാരം 44 ലക്ഷം രൂപ വീതം ചെലവിലാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഫ്രണ്ട് ഓഫീസ്,വില്ലേജ് ഓഫീസറുടെ ക്യാബിൻ,ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ടോയ്ലെറ്റ്,ഭിന്നശേഷി വയോജന സൗഹൃദ ഓഫീസ് എന്നിവയോടു കൂടിയതാണ് പുതിയ കെട്ടിടങ്ങൾ. വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നതോടെ സേവനങ്ങളും സ്മാർട്ടാകും. എം.എൽ.എ വികസന ഫണ്ടിൽ നിന്നനുവദിച്ച തുകയിൽ നിന്നും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകും. വാമനപുരം,നെല്ലനാട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തു തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. റീ ബിൾഡ് പദ്ധതി പ്രകാരം മണ്ഡലത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബുദ്ധിമുട്ടുന്ന ആറ് വില്ലേജ് ഓഫീസ് കെട്ടിടങ്ങളാണ് നിർമ്മിച്ചത്. ആനാട്,കല്ലറ,പുല്ലമ്പാറ വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇതിനോടകം കഴിഞ്ഞിരുന്നു. 50 ലക്ഷം രൂപ ചെലവിൽ പണി നടന്നുകൊണ്ടിരിക്കുന്ന പെരിങ്ങമ്മല വില്ലേജ് ഓഫീസ് കെട്ടിടനിർമ്മാണം ഉടൻ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.