
രാത്രിയുടെ മറവിൽ ടാങ്കുകളും ആയുധങ്ങളുമായി അതിർത്തി കടന്നെത്തിയ 2000 പാകിസ്ഥാൻ പട്ടാളക്കാരെ 120 ഇന്ത്യൻ സൈനികർ മനോധൈര്യം കൊണ്ട് ചെറുത്ത്, മുട്ടുകുത്തിച്ച ലോംഗിവാലയുടെ മണ്ണിൽ...
സൈനികരുടെ ധീരതയ്ക്ക് നിറമനസോടെ സല്യൂട്ട് നൽകാതെ ലോംഗിവാലയിൽ നിൽക്കാനാവില്ല. അഞ്ചര പതിറ്റാണ്ടു മുൻപൊരു മഞ്ഞുപെയ്യുന്ന ഡിസംബറിൽ, രാത്രിയുടെ മറവിൽ ടാങ്കുകളും ആയുധങ്ങളുമായി അതിർത്തി കടന്നെത്തിയ രണ്ടായിരം പാക് പട്ടാളക്കാരെ 120 ഇന്ത്യൻ സൈനികർ മനോധൈര്യം കൊണ്ട് ചെറുത്ത ശേഷം മുട്ടുകുത്തിച്ച മണ്ണാണ് ലോംഗിവാലയിലേത്. ലോക യുദ്ധചരിത്രത്തിലെ തിളക്കമാർന്ന ഏട്. യുദ്ധവീരന്മാർക്ക് സ്മാരകമൊരുക്കിയും പിടിച്ചെടുത്ത പാക് ടാങ്കുകളടക്കം ചേർത്ത് മ്യൂസിയമാക്കിയും ലോംഗിവാല നമ്മളെ വിളിക്കുകയാണ്. രാജസ്ഥാനിൽ ഥാർ മരുഭൂമിയിലെ രാജ്യത്തിന്റെ പടിഞ്ഞാറേ അതിർത്തിയായ ലോംഗിവാല, ഏതൊരു ഭാരതീയന്റെയും ആത്മാഭിമാനം ഉണർത്തുന്ന രണസ്മാരകമാണിന്ന്.
ലോംഗിവാലയിൽ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) ഒരുക്കിയ യുദ്ധസ്മാരകവും മ്യൂസിയവുമുണ്ട്. പാകിസ്ഥാനെ മുട്ടുകുത്തിച്ച ധീരന്മാരുടെ കഥ സദാനന്ദ് യാദവ് എന്ന സൈനികൻ വിവരിക്കുമ്പോൾ ജനക്കൂട്ടം 'ഭാരത് മാതാ കീ ജയ് "വിളിക്കുന്നു. യുദ്ധത്തിൽ നാം തകർത്തെറിഞ്ഞ പാക് സൈന്യത്തിന്റെ വാഹനങ്ങളും പിടിച്ചെടുത്ത ടാങ്കുകളും കൗതുകത്തോടെ കാണുന്നു. വെള്ളിത്തിരയിലടക്കം ഈ യുദ്ധവിജയം നമ്മളെല്ലാം കണ്ടതാണെങ്കിലും ലോംഗിവാലയിൽ കാലുകുത്തുമ്പോൾ രാജ്യസ്നേഹം ഹൃദയത്തിൽ നിറയും.
ഇരുളിന്റെയും കൊടുംതണുപ്പിന്റെയും മറവിൽ നമ്മുടെ അതിർത്തി പോസ്റ്റുകൾ പിഴുതെടുത്ത്, 375കിലോമീറ്റർ അകലെയുള്ള ജോധ്പൂർ വരെ പിടിച്ചെടുക്കാനായിരുന്നു പാക് സൈന്യത്തിന്റെ തന്ത്രം. നമ്മുടെ പടിഞ്ഞാറൻ അതിർത്തി മാറ്റിവരയ്ക്കാനൊരുങ്ങിയ പാക് പട്ടാളത്തെ മരുഭൂമിയിൽ ആക്രമിച്ചു കീഴടക്കി മുട്ടുകുത്തിച്ച് ഇന്ത്യൻ സൈനികർ പുതു ചരിത്രമെഴുതുകയായിരുന്നു- ലോംഗിവാലയിലെ സെക്കൻഡ് കമൻഡാന്റ് സഞ്ജയ് വിശദീകരിച്ചു.
ടി-59, ഷേർമാൻ ഇനത്തിലെ 45 ടാങ്കുകളുമായാണ് രണ്ടായിരത്തിലേറെ പാക് ഭടന്മാർ 1971 ഡിസംബർ 5ന് രാത്രിയിൽ ലോംഗിവാലയിലെ അതിർത്തി പോസ്റ്റ് ആക്രമിച്ചത്. പട്രോളിംഗ് നടത്തുകയായിരുന്ന ലഫ്റ്റനന്റ് ധരംവീർ ആണ് പാക് പടനീക്കം ആദ്യമറിഞ്ഞത്. മേജർ കുൽദീപ് സിംഗിന് വിവരം കൈമാറിയെങ്കിലും ഇന്നത്തെപ്പോലെ മികച്ച റോഡുകളില്ലാതിരുന്നതിനാൽ കൂടുതൽ സൈന്യത്തെ വേഗത്തിലെത്തിക്കുക അസാദ്ധ്യമായിരുന്നു. ഒട്ടകപ്പുറത്തായിരുന്നു സൈന്യവും പടക്കോപ്പുകളും എത്തിക്കേണ്ടത്!
ജോധ്പൂരിൽ വ്യോമസേന സ്റ്റേഷനുണ്ട്. പക്ഷേ, അവിടെ ആകെയുള്ളത് നാല് വിമാനങ്ങൾ. അവയ്ക്ക് രാത്രിയിൽ പറക്കാനാവില്ല. നേരംവെളുക്കും വരെ പ്രതിരോധിക്കാനായിരുന്നു അതിർത്തി പോസ്റ്റിൽ കിട്ടിയ സന്ദേശം.
മഞ്ഞുപെയ്യുന്ന ആ രാത്രിയിൽ മനോധൈര്യം കൈവിടാതെ 120 ഇന്ത്യൻ സൈനികർ നടത്തിയ ധീരോജ്ജ്വലമായ ചെറുത്തുനിൽപ്പ് പിന്നീട് ചരിത്രമായി. പിറ്റേന്ന് സൈനികർക്കു തുണയായി വ്യോമസേനയും എത്തിയതോടെ പാകിസ്ഥാന്റെ ഇരുനൂറിലേറെ പട്ടാളക്കാർക്ക് ജീവഹാനിയുണ്ടായി.
അവരുടെ 43ടാങ്കുകളും 100 കവചിത വാഹനങ്ങളും തകർത്തു. അഞ്ച് ഇന്ത്യൻ സൈനികർക്കും ജീവൻ നഷ്ടമായി. ആറുമണിക്കൂർ പോരാട്ടത്തിനൊടുവിൽ പാക് സൈന്യം തിരിഞ്ഞോടി. ഇന്ത്യയുടെ യശസ്സും യുദ്ധവീര്യവും ലോകം കണ്ട പോരാട്ടമായിരുന്നു ലോംഗിവാലയിലേത്.
വേലി കെട്ടിയ അതിർത്തി
പടിഞ്ഞാറൻ അതിർത്തിയിലുടനീളം മുള്ളുവേലി കെട്ടി ഇന്ത്യ സംരക്ഷിച്ചിരിക്കുകയാണ്. 1995ൽ മൂന്നുവർഷമെടുത്താണ് രാജസ്ഥാൻ അതിർത്തിയിൽ മുള്ളുവേലി സ്ഥാപിച്ചത്. നുഴഞ്ഞുകയറ്റം തടയാൻ 24 മണിക്കൂറും വൈദ്യുതി കടത്തിവിടും. അതിർത്തി വേലി കെട്ടിയ ശേഷം ഒരു നുഴഞ്ഞുകയറ്റം പോലുമുണ്ടായിട്ടില്ലെന്ന് കമൻഡാന്റ് വീരേന്ദ്രപാൽ സിംഗ് പറഞ്ഞു. അതിർത്തിയിൽ നിരീക്ഷണ ടവറുകളും ഔട്ട് പോസ്റ്റുകളുമുണ്ട്. ബി.എസ്.എഫിന്റെ വനിതകളും അവിടെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നു. അതിർത്തിയിലുടനീളം ഒട്ടകപ്പുറത്ത് ബി.എസ്.എഫിന്റെ പട്രോളിംഗുണ്ട്. വിശേഷാവസരങ്ങളിൽ ഇവിടുത്തെ അതിർത്തി വേലിയിലെ ഗേറ്റ് കടന്ന് ഇന്ത്യൻ സൈനികർ മധുരപലഹാരങ്ങൾ പാക് സൈന്യത്തിനു നൽകുന്നതും പതിവാണ്. വേലി കഴിഞ്ഞ് 150 മീറ്റർ അപ്പുറത്താണ് ഇന്ത്യയുടെ അവസാന പോസ്റ്റ്. അതിനാൽ അവിടെവരെയെത്തി പരിശോധന നടത്താൻ ബി.എസ്.എഫിന് കഴിയും.
അതിർത്തിയിലെ മണലിലെ സൂക്ഷ്മപരിശോധനയിലൂടെയാണ് നുഴഞ്ഞുകയറ്റം കണ്ടെത്തുന്നത്. മരുഭൂമിയായതിനാൽ കാൽപ്പാടുകൾ കണ്ടെത്തിയാൽ നുഴഞ്ഞുകയറ്റം ഉറപ്പിക്കാം. മൃഗങ്ങൾ അതിർത്തി വേലിക്കരികിലെത്തി തിരികെപ്പോകാറാണ് പതിവ്. കാൽപ്പാദ പരിശോധനയുള്ളതിനാൽ കൈ, കാൽ വിരലുകൾ കുത്തിയും ഇഴഞ്ഞുമൊക്കെ വേലി മറികടക്കാൻ ശ്രമമുണ്ടാവാറുണ്ട്. പാകിസ്ഥാൻ ഭാഗത്തു നിന്ന് വരുന്ന ഈ പാടുകൾ ഇന്ത്യയിലേക്ക് നീളുകയാണെങ്കിൽ നുഴഞ്ഞുകയറ്റമെന്ന് ഉറപ്പിക്കാം. സംശയമുള്ളവരെ പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയ്ക്ക് കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തവരെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് സേനാംഗങ്ങൾക്ക് നൽകിയിട്ടുണ്ട്- ബി.എസ്.എഫ് കമൻഡാന്റ് മൻജിത്ത് പറഞ്ഞു.