
തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകാൻ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭിക്കുന്ന നല്ല സേവനങ്ങളിലൊന്നാണ് ഇലക്ട്രിക് ബസുകളുടെ സർവീസ്. ഇത് പൊടുന്നനെ നിറുത്തലാക്കുമെന്ന പ്രഖ്യാപനം പുതിയ ഗതാഗതമന്ത്രി ഗണേശ്‌കുമാർ നടത്തിയത് നഗരവാസികളിൽ ഞെട്ടലുളവാക്കാൻ പോന്നതായിരുന്നു. ഇ- ബസ് ലാഭത്തിലല്ലെന്നും, ഇത് എത്രനാൾ പോകുമെന്ന് അതുണ്ടാക്കിയവർക്കും വാങ്ങിയവർക്കും ഉറപ്പില്ലെന്നുമാണ് ഇത് നിറുത്താൻ പോകുന്നതിനു കാരണമായി മന്ത്രി പറഞ്ഞത്. ഇലക്ട്രിക് ബസ് വാങ്ങാൻ ഒരുകോടി രൂപ വേണം. ഡീസൽ ബസിന് 24 ലക്ഷം മതി. ചെലവ് പരമാവധി കുറച്ച്, വരവു വർദ്ധിപ്പിച്ചാലേ കോർപ്പറേഷന് നിലനിൽക്കാനാവൂ എന്ന് മന്ത്രി തുടർന്നു പറഞ്ഞു.
പക്ഷേ, മന്ത്രി പറഞ്ഞ കണക്ക് വാസ്തവവിരുദ്ധമാണെന്നാണ് കണക്കുകൾ സഹിതം പിന്നീട് വാർത്താമാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ തെളിയിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് തലസ്ഥാനത്ത് ആദ്യമായി ഇ- ബസുകൾ നിരത്തിലിറങ്ങിയത്. ഡിസംബർ വരെ 288. 91 ലക്ഷം രൂപ ലാഭമുണ്ടായെന്ന് കെ.എസ്.ആർ.ടി.സിയുടെ തന്നെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഇതോടെ മന്ത്രിയുടെ വാദം പൊളിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇ- ബസ് ഒരു കിലോമീറ്റർ ഓടാൻ 28.45 രൂപയാണ് വേണ്ടത്. ശമ്പളവും മറ്റു ചെലവും ചേർന്നതാണ് ഈ തുക. ഒരു കിലോമീറ്റർ ഓടുമ്പോഴത്തെ വരുമാനം ശരാശരി 36.66 രൂപ. അതായത് കിലോമീറ്ററിന് 8.21 രൂപ ലാഭം. റിപ്പോർട്ട് പുറത്തുവന്നതോടെ ഭരണകക്ഷിയിലെ തന്നെ ചില എം.എൽ.എമാരും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെയും മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നു.
മുൻ ഗതാഗത മന്ത്രി ആന്റണി രാജു നടപ്പാക്കിയ നല്ല നടപടികളിലൊന്നാണ് ഇലക്ട്രിക് ബസുകളുടെ സർവീസ്. അത് നഗരവാസികൾ സന്തോഷത്തോടെ സ്വീകരിച്ച് സഞ്ചരിച്ചു വരുമ്പോഴാണ് മുൻ മന്ത്രിയെ പരിഹസിക്കുന്ന മട്ടിൽ പുതിയ മന്ത്രിയുടെ പ്രസ്താവനകൾ. അത് ഒഴിവാക്കേണ്ട പക്വത അദ്ദേഹം പുലർത്തേണ്ടതായിരുന്നു. ഒരർത്ഥത്തിൽ ഇത് വിവാദമായതും നന്നായി. അതോടെ സി.പി.എം ഇടപെടുകയും നയപരമായ കാര്യങ്ങൾ മന്ത്രി ഒറ്റയ്ക്കല്ല, മന്ത്രിസഭ കൂട്ടായാണ് തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.
നഗരങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് അന്തരീക്ഷ മലിനീകരണമാണ്. പലതരം രോഗങ്ങൾക്കും ഇത് ഇടയാക്കും. ഇത്തരം മലിനീകരണം കൂട്ടാനേ ഡീസൽ ബസുകളുടെ ആധിക്യം ഇടയാക്കൂ. 2030- ഓടെ ഡീസൽ വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാക്കാൻ ലക്ഷ്യമിടുന്ന പരിഷ്കാരങ്ങളുമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. അതിനു വിരുദ്ധമായൊരു തീരുമാനം കേരളത്തിൽ ഉണ്ടാകുന്നത് ശരിയല്ല. കെ.എസ്.ആർ.ടി.സിയുടെ മറ്റ് സർവീസുകളാണ് ലാഭകരമല്ലാത്തത്; അല്ലാതെ ഇലക്ട്രിക് ബസുകളല്ല. മന്ത്രിയുടെ ന്യായം അനുസരിച്ചാണെങ്കിൽ ആദ്യം നിറുത്തേണ്ടത് അത്തരം ഡീസൽ ബസുകളുടെ സർവീസാണ്. അത് നടക്കുന്ന കാര്യമല്ല. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ഇ സേവയിൽ 950 ഇ- ബസുകൾ കൂടി കേരളത്തിനു കിട്ടാനുണ്ട്. 10 നഗരങ്ങളിലേക്കാണ് ഈ ബസുകൾ ലഭിക്കുന്നത്. ഇതിന്റെ 60 ശതമാനം ചെലവും വഹിക്കുന്നത് കേന്ദ്രമാണ്. ഇവിടെ മന്ത്രിയുടെ പിടിവാശിയല്ല ജയിക്കേണ്ടത്. ഇത് നഷ്ടപ്പെടുത്തിയാൽ അതിന്റെ പ്രയോജനം ഇല്ലാതാകുന്നത് കേരളത്തിലെ ജനങ്ങൾക്കായിരിക്കും. അതിനാൽ ഇക്കാര്യത്തിൽ ജനപക്ഷത്തു നിന്നുള്ള തീരുമാനമാകും മന്ത്രിസഭ എടുക്കുക എന്ന് പ്രതീക്ഷിക്കാം.