jail

തിരുവനന്തപുരം: ശിക്ഷയിളവ് നേടി ജയിൽ മോചിതരാക്കുന്നവർ ഒരു വർഷത്തെ നല്ലനടപ്പ് കാലത്ത് കേസുകളിൽപ്പെട്ടാൽ ശിക്ഷായിളവ് റദ്ദാക്കി വീണ്ടും ജയിലിലടയ്ക്കും. ഇളവു നേടിയത്ര കാലാവധി ജയിലിൽ കിടക്കേണ്ടിവരും. നല്ലനടപ്പ് ബോണ്ട് ലംഘിക്കുന്നവരെ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാൻ പൊലീസ് മേധാവിക്ക് സർക്കാർ ഉത്തരവ് നൽകി. ശിക്ഷായിളവ് നേടുന്നവർ പുറത്തിറങ്ങി വീണ്ടും കുറ്റം ചെയ്യുന്നത് തടയാനാണിത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ 'ആസാദി കാ അമൃത് ' മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റിൽ ശിക്ഷായിളവ് നേടി പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ ശരത് നല്ലനടപ്പ് കാലത്ത് കവർച്ചാക്കേസിൽ പ്രതിയായി. വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയതിന് നെയ്യാറ്റിൻകര ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസിൽ തടവു ശിക്ഷ അനുഭവിക്കുകയായിരുന്നു . ഒരു വർഷത്തെ നല്ലനടപ്പ് ബോണ്ട് വ്യവസ്ഥയിൽ വിട്ടയച്ച ഇയാൾ, നിരീക്ഷണ കാലയളവിൽ ഒരു വീട്ടിൽ അതിക്രമിച്ച് കയറി ആഭരണങ്ങൾ കവർച്ച ചെയ്തതിന് മ്യൂസിയം പൊലീസിന്റെ കേസിൽ പ്രതിയായി. ഈ കേസിൽ ജില്ലാ ജയിലിൽ റിമാൻഡിലായി. ഇക്കാര്യം ജയിൽ മേധാവി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ അറിയിച്ചു.

ജയിൽ ഉപദേശക സമിതിയുടെ ശുപാർശ പ്രകാരം വിട്ടയയ്ക്കുന്നവരുടെ നല്ലനടപ്പ് കാലത്തെ സ്വഭാവം തൃപ്തികരമായാലേ വിട്ടയച്ചതായി കണക്കാക്കാവൂ. അല്ലെങ്കിൽ ശിക്ഷായിളവ് റദ്ദാക്കി വാറണ്ട് കൂടാതെ പ്രതികളെ അറസ്റ്റ് ചെയ്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. ബോണ്ട് വ്യവസ്ഥ ലംഘിച്ച ശരത്തിന്റെ ശിക്ഷായിളവ് റദ്ദാക്കി വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാൻ ഡി.ജി.പിക്ക് ആഭ്യന്തര വകുപ്പ് ഉത്തരവ് നൽകി.

വിട്ടയയ്ക്കുന്നതിൽ

മാനുഷിക പരിഗണന

ജയിലിൽ നല്ല പെരുമാറ്റമുള്ളവരെ മാനുഷിക പരിഗണനയുടെ പേരിലാണ് വിട്ടയയ്ക്കുന്നത്. പ്രതികളായ കേസുകളിലെ ഇരകളുടെ കുടുംബങ്ങളുടെ അഭിപ്രായവും അറിഞ്ഞ ശേഷമാണ് ഗവർണർ മോചനത്തിന് അനുമതി നൽകുക.

പൊലീസ് റിപ്പോർട്ട്, കേസിന്റെയും കുറ്റകൃത്യത്തിന്റെയും സ്വഭാവം, തടവുകാരന്റെ പ്രായം, കുടുംബ പശ്ചാത്തലം പരിഗണിക്കും.