
സഹകരണ മേഖലയിൽ നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ നടക്കുന്നുണ്ടെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം സത്യത്തിനു നേരെയുള്ള കണ്ണാടിയായിട്ടാണ് കാണേണ്ടത്. അടുത്തകാലത്ത് സംസ്ഥാനത്തെ ചില സഹകരണ സ്ഥാപനങ്ങളിൽ നടന്ന വൻതോതിലുള്ള തിരിമറികളും പണം തട്ടിപ്പുകളും സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിരുന്നു. ഇങ്ങനെയുള്ള സ്ഥാപനങ്ങൾ അതിലെ അംഗങ്ങളോടും നിക്ഷേപകരോടും വിശ്വാസവഞ്ചന കാണിച്ചാൽ ഫലം എന്താകുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
കരുവന്നൂർ ഉൾപ്പെടെ നിരവധി സഹകരണ സ്ഥാപനങ്ങൾ നിക്ഷേപ തട്ടിപ്പുകളുടെ പേരിൽ ഇന്ന് നിയമ നടപടികൾ നേരിടുകയാണ്. ഇത്തരം തട്ടിപ്പുകൾ യഥാസമയം കണ്ടെത്തി നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ അഹിതകരമായ പലതും ഒഴിവാക്കാനാകുമായിരുന്നു. ജീവനക്കാർ മാത്രമല്ല, ഭരണസമിതിയും അതിന്റെ തലതൊട്ടപ്പന്മാരായ രാഷ്ട്രീയ കക്ഷികളുമൊക്കെ ഈ കൊള്ളയ്ക്കു പിന്നിലുണ്ട്. സഹകരണ ഉദ്യോഗസ്ഥർ അറിയാതെ കരുവന്നൂരിൽ അഴിമതി നടന്നുവെന്നു വിശ്വസിക്കാനാവില്ലെന്നാണ് വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്. അഴിമതിയും തട്ടിപ്പും തടയാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ സത്യസന്ധമായി ഇടപെട്ടിരുന്നെങ്കിൽ വളരെ മുൻപേ തന്നെ കുറ്റവാളികളെ കണ്ടെത്താനും നിക്ഷേപകർക്ക് പണം നഷ്ടപ്പെടുന്നത് തടയാനും കഴിയുമായിരുന്നു.
കരുവന്നൂർ ബാങ്കിൽ 75 ലക്ഷം രൂപ നിക്ഷേപമുള്ള ഒരു വന്ദ്യവയോധികൻ കഴിഞ്ഞ ദിവസം ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി നീതിപീഠത്തെ സമീപിച്ചത് വാർത്തയായിരുന്നു. നിക്ഷേപം തിരികെ ലഭിക്കുന്നതിലെ അനിശ്ചിതത്വമാണ് ഈ വയോധികനെ ഇത്തരത്തിലൊരു ഹർജിയുമായി കോടതിയിലെത്തിച്ചത്. പലവിധ ആവശ്യങ്ങൾ മുന്നിൽക്കണ്ട് സഹകരണ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്ന സാധാരണക്കാർക്ക് അത് വേണ്ട സമയത്ത് തിരികെ ലഭിക്കാതെ വന്നാലുള്ള വിഷമം വലുതാണ്. ഇത്തരം സന്ദർഭങ്ങളിൽ പിടിച്ചുനിൽക്കാനാകാതെ ആത്മഹത്യയിൽ അഭയം പ്രാപിച്ചവർ വരെയുണ്ട്.
കരുവന്നൂർ ബാങ്കിൽ തട്ടിപ്പുകളുടെ തുടക്കം 2011 മുതലാണെന്ന് മന്ത്രി തന്നെ പറയുന്നു. ഇത്രയും കാലം അതു തടയാൻ കഴിയാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം സ്വാഭാവികമായും ഉയരും. സ്വന്തക്കാർക്കും ബന്ധുക്കൾക്കും രാഷ്ട്രീയക്കാർക്കും വ്യാജ അംഗത്വം നൽകിയും, ഒരേ വസ്തു പലരുടെ പേരിൽ ഈടുവച്ച് കോടികൾ അടിച്ചുമാറ്റിയത് ജീവനക്കാരുടെ കൂടി ഒത്താശയോടെ ഭരണസമിതിക്കാർ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കരുവന്നൂരിനു പിന്നാലെ എത്രയെത്ര സഹകരണ ബാങ്കുകളിലെ അഴിമതികൾ കണ്ടുപിടിക്കപ്പെട്ടു. തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കിലെ അഴിമതിക്കും തിരിമറിക്കും നേതൃത്വം വഹിച്ചത് ഭരണകക്ഷിയിലെ ഉന്നതൻ തന്നെയാണ്.
ബാങ്ക് ഭരണസമിതിക്കാരുടെയും ബന്ധുക്കളുടെയും വായ്പാ വിവരങ്ങൾ പൊതുയോഗത്തിൽ സമർപ്പിക്കണമെന്നാണ് ചട്ടം. ഇതൊന്നും എവിടെയും പാലിക്കപ്പെടുന്നില്ല. സഹകരണ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗും കാട്ടിക്കൂട്ടലായിത്തീരുകയാണു പതിവ്. തട്ടിപ്പുകളിൽ നേരിട്ട് പങ്കാളികളായവരെ പിടികൂടാറുണ്ടെങ്കിലും സഹായം നൽകിയ ഉദ്യോഗസ്ഥന്മാർ പലപ്പോഴും വലയ്ക്കു പുറത്താണ്. കേസുകൾക്കാകട്ടെ ഒച്ചിന്റെ വേഗത പോലുമുണ്ടാകാറില്ല. തിരുവനന്തപുരത്തു തന്നെ ബി.എസ്.എൻ.എൽ ജീവനക്കാരുടെ സഹകരണ സംഘത്തിൽ ഇരുനൂറിലധികം കോടി രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
സഹകരണ മേഖലയുടെ വളർച്ചയിൽ അസൂയയുള്ളവർ തെറ്റിദ്ധാരണ പരത്തുകയാണെന്ന ആക്ഷേപത്തിനപ്പുറം,അവിടെ നടക്കുന്ന ക്രമക്കേടുകൾക്കെതിരെ ശക്തമായ നടപടികളാണ് ആവശ്യം. നാടിന്റെ ആശാകേന്ദ്രമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ പ്രധാന പങ്കാണുള്ളത്. അവ തകരാതെ ഊർജ്ജസ്വലമായി നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ചിലരുടെയൊക്കെ അതിരില്ലാത്ത ആർത്തിയാണ് സഹകരണ സ്ഥാപനങ്ങൾക്കു വിനയാകുന്നതെന്ന് മുഖ്യമന്ത്രി നിരീക്ഷിക്കുകയുണ്ടായി. ഇത്തരം ആർത്തിപ്പണ്ടാരങ്ങളെ പടിക്കു പുറത്താക്കാൻ കഴിയുമെന്നിരിക്കെ അവരെ എന്തിന് വച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ചോദ്യം.