
നെയ്യാറ്റിൻകര: മുത്തച്ഛനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന നാലു വയസുകാരന് ലോറിക്കടിയിൽ ദാരുണാന്ത്യം.
ചാരോട്ടുകോണം സ്വദേശി ജിതിന്റെ മകൻ ആരുഷാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിതിന്റെ പിതാവ് മുത്തൻ സ്റ്റീഫനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുഷിന്റെ അമ്മ രേഷ്മയ്‌ക്കും ജ്യേഷ്ഠൻ ആരോണിനും അപകടത്തിൽ പരിക്കേറ്റു.
ഇന്നലെ രാവിലെ ഒമ്പതിന് അമരവിള ടോൾ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ചാരോട്ടുകോണത്തു നിന്ന് മണലൂരിലെ മുത്തൻ സ്റ്റീഫന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. മുത്തൻ സ്റ്റീഫനായിരുന്നു ബൈക്കോടിച്ചിരുന്നത്. ഇതേദിശയിൽ വന്ന ടോറസ് ലോറി ബൈക്കിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. ലോറി ബൈക്കിന്റെ ഹാന്റിലിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിൽ നിന്ന് ആരുഷ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ദേഹത്ത് കൂടി ലോറി കയറിയിറങ്ങിയ ആരുഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ. പത്തനംതിട്ട സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് ജിതിൻ.