
മലയാള കഥാസാഹിത്യരംഗത്ത് വേറിട്ട പന്ഥാവ് വെട്ടിത്തുറന്ന നോവലിസ്റ്രും തിരക്കഥാകൃത്തുമായ ജി.വിവേകാനന്ദൻ എഴുത്തിന്റെ ലോകത്തു നിന്ന് വിടപറഞ്ഞിട്ട് ഇന്ന് 25 വർഷം. ശ്രുതിഭംഗവും കള്ളിച്ചെല്ലമ്മയും വാർഡ് നമ്പർ ഏഴും യക്ഷിപ്പറമ്പും ഉൾപ്പെടെ ആസ്വാദ്യകരമായ 20 നോവലുകളും 15 കഥാസമാഹാരങ്ങളും മൂന്ന് തിരക്കഥകളും ആറ് നാടകങ്ങളും ഉൾപ്പെടെ എഴുത്തിന്റെ വ്യത്യസ്ത തലങ്ങളിൽ ശോഭിച്ച എഴുത്തുകാരനായിരുന്നു ജി.വിവേകാനന്ദൻ. ജീവിത പ്രതിസന്ധികളും ഔദ്യോഗിക ജീവിതകാലത്തെ അനുഭവങ്ങളുമെല്ലാം സ്വാംശീകരിച്ചതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ലോകം. കൂലിപ്പണിയും മൈക്കാട് ജോലിയും ഉൾപ്പെടെ ജീവിതത്തിൽ കഷ്ടാനുഭവങ്ങളുടെ മുൾപ്പടർപ്പിലൂടെയും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.
1923 മേയ് അഞ്ചിന് ഗോവിന്ദൻ- ലക്ഷ്മി ദമ്പതികളുടെ മകനായി കോവളത്തിനടുത്ത് കോളിയൂരിലാണ് ജനനം. പൂങ്കുളം സ്കൂൾ, വെങ്ങാനൂർ ഇംഗ്ളീഷ് മീഡിയം സ്കൂൾ, നെല്ലിമൂട് ഹൈസ്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കമ്പൗണ്ടർ പരീക്ഷ പാസായി, രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ ചേർന്നു. കുറച്ച്കാലത്തിനു ശേഷം തിരികെയെത്തി ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനായി. ജോലിക്കിടയിലാണ് ഇന്റർമീഡിയറ്റും ബി.എ ബിരുദവും നേടിയത്. പിന്നീട് ആകാശവാണിയിൽ സ്ക്രിപ്റ്റ് റൈറ്റർ, ന്യൂസ്റീഡർ ജോലികൾ. അതിനു ശേഷം പബ്ളിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനായി. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ എം.ഡിയായിട്ടാണ് സർവീസിൽ നിന്ന് വിരമിച്ചത്. ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിതമായത് അദ്ദേഹം എം.ഡിയായിരിക്കുമ്പോഴാണ്. കേരളകൗമുദിയിൽ മാഗസിൻ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
ശ്രുതിഭംഗം എന്ന നോവലിന് കേരള സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കള്ളിച്ചെല്ലമ്മ, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, ടാക്സി ഡ്രൈവർ, വാർഡ് നമ്പർ ഏഴ്, അരിക്കാരി അമ്മു, വിസ, ഒരു യുഗസന്ധ്യ എന്നീ കഥകൾ സിനിമയായി. സംഗീത സംവിധാന, ആലാപനരംഗങ്ങളിൽ തിളങ്ങിയ എം.ജി. രാധാകൃഷ്ണനും ബ്രഹ്മാനന്ദനും ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത് പി. ഭാസ്കരൻ സംവിധാനം ചെയ്ത കള്ളിച്ചെല്ലമ്മയിലൂടെയാണ്.
ജി.വിവേകാനന്ദന്റെ 25-ാമത് ചരമവാർഷിക ദിനമായ ഇന്ന് നന്ദാവനത്ത് പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകനും മുംബയ് ഐ.ഐ.ടി പ്രൊഫസറുമായ ജി.വി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ വൈകിട്ടു നടക്കുന്ന ചടങ്ങ് ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും.