
മാമന്നന്റെ ഗംഭീര വിജയത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രത്തിന് മാരീശൻ എന്ന് പേരിട്ടു. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി.റോഡ് മൂവിയായ മാരീശൻ സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്നു.ഒരു മാനിന്റെ തല ഉൾപ്പെടുന്നതാണ് പോസ്റ്റർ.ദിലീപ് നായകനായ വില്ലാളി വീരൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സുധീഷ് ശങ്കർ. കലൈശെൽവൻ ഛായാഗ്രഹണവും ശ്രീജിത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു. യുവൻ ശങ്കർ രാജയാണ് സംഗീതം. മാരിസെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ പോയവർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നാണ്. ഇടവേളയ്ക്കുശേഷം വടിവേലു അഭിനയിച്ച ചിത്രം കൂടിയാണ് മാമന്നൻ.വടിവേലു അവതരിപ്പിച്ച മാമന്നന്റെ മകനായി ഉദയനിധി സ്റ്റാലിൻ എത്തിയിരുന്നു. രത്‌നവേലു എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചത്.അതേസമയം ഫഹദ് ഫാസിൽ നായകനായി സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിച്ച് ഹനുമാൻ ഗിയർ എന്ന ചിത്രം സംവിധാനം ചെയ്യാൻ സുധീഷ് ശങ്കർ തീരുമാനിച്ചിരുന്നു. ബഡ്ജറ്റ് കൂടുതലായതിനാൽ തത്കാലം മാറ്റിവച്ചിരിക്കുകയാണ്.