
ഡീപ് ഫേക്കിന് താൻ ഇരയായതായി ബോളിവുഡ് നടി നോറ ഫത്തേഹി. തന്റെ രൂപമുള്ള വീഡിയോ കണ്ട് താൻ ഞെട്ടിപോയെന്ന് നോറ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു. ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച നോറയുടെ രൂപമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ക്ളോത്തിങ് ബ്രാന്റിന്റെ പരസ്യമാണ് നോറയുടെ മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നത്. അതേസമയം നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ നിർമ്മിച്ച കേസിലെ പ്രധാന പ്രതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.കഴിഞ്ഞ നവംബറിലാണ് രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്.ഫിറ്റഡ് ഒൗട്ട് ഫിറ്റ് ധരിച്ച് ലിഫ്ടിലേക്ക് ഒാടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്.എ.ഐ. അധിഷ്ഠിതമായ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച മോർഫ്ഡ് വീഡിയോ ആയിരുന്നു പ്രചരിച്ചതെന്ന് അന്നുതന്നെ വ്യക്തമായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസായ സാറാ പട്ടേലിന്റെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ചത്.