d

കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായ ഡോ. പി. പല്പുവിന്റെ 74-ാം ചരമ വാർഷിക ദിനം നാളെ

ആധുനിക കേരള നവോത്ഥാന ചരിത്രത്തിൽ ധ്രുവ നക്ഷത്രമായി തിളങ്ങിയ ധീരനായ ധർമ്മജ്ഞനായിരുന്നു ഡോ. പി. പല്പു. പുതിയ തലമുറയുടെ വിചാര- ബോധ മണ്ഡലങ്ങളിൽ വേണ്ടത്ര ഇടമില്ലാതാകുമ്പോൾ നമ്മുടെ ചരിത്ര ബോധത്തിനാണ് മങ്ങലേൽക്കുന്നത്. കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന അധഃസ്ഥിത ജനസമൂഹത്തിന്റെ ഉണർവിനും ഉയിർത്തെഴുന്നേൽപ്പിനും വേണ്ടതെല്ലാം കരുതുന്നതിൽ അദ്ദേഹം എന്നും മുൻ നിരയിലായിരുന്നു. തിരിച്ചടികളെയെല്ലാം ചവിട്ടുപടികളാക്കിതീർത്ത കർമ്മോത്സുകതകൊണ്ട് അധഃസ്ഥിത വർഗോദ്ധാരണത്തിന്റെ മഹത്തായൊരു മാതൃകയും പ്രചോദനവുമായിരുന്നു അദ്ദേഹം.


എവിടെയായിരുന്നാലും ജീവിതത്തിൽ ഒരിക്കലും നഷ്ടത്തിന്റെയും ലാഭത്തിന്റെയും കണക്കെടുത്തിട്ടില്ലാത്ത ഒരത്ഭുത മനുഷ്യനായിരുന്നു ഡോ. പല്പു. അദ്ദേഹത്തിന്റെ പുരോഗമനാശയങ്ങളെയും വിമോചന ചിന്തകളെയും സാമൂഹിക വീക്ഷണത്തെയും ഒന്നിപ്പിച്ച് കർമ്മമാർഗമായി ഏകോപിപ്പിച്ചത് ശ്രീനാരായണ ഗുരുവായിരുന്നു. 'ചിന്നസ്വാമി"യെന്ന് പരക്കെ അറിയപ്പെട്ടിരുന്ന കുമാരനാശാനെയും ഡോ. പല്പുവിനെയും ഒന്നിപ്പിച്ചുകൊണ്ടാണ് ഗുരുദേവൻ സാമൂഹ്യ നവോത്ഥാനത്തിന്റെ വീഥിക്ക് വീതി കൂട്ടിയത്. സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി പരിലസിക്കുന്ന,​ നവോത്ഥാനത്തിന്റെ ശംഖഭൂമിയായി പ്രശോഭിക്കുന്ന അരുവിപ്പുറത്തെ ദാർശനികമണ്ണിൽ നിന്ന് ഉദയംചെയ്ത ശ്രീനാരായണ ധർമ്മ പരിപാലനയോഗത്തിന്റെ സംസ്ഥാപനത്തിനും വളർച്ചയ്ക്കും ദൗത്യനിർവ്വഹണത്തിനും ആളും അർത്ഥവുമായി നിലകൊണ്ടതും പല്പു ആയിരുന്നു.

അദ്ദേഹത്തിന്റെ ചുവടുകൾ എക്കാലവും ഉറച്ചതായിരുന്നു. ചരിത്രത്തിൽ പതിഞ്ഞുപോയ ആ കാല്പാടുകൾ ഒരുകാലത്തും മാഞ്ഞുപോകുന്നതോ മറച്ചുവയ്ക്കാൻ കഴിയുന്നതോ അല്ല. പക്ഷേ, ആ കാല്പാടുകൾ കാണണമെങ്കിൽ സത്യസന്ധമായി മനസും കണ്ണും തുറന്നുവയ്ക്കണം. എന്നാൽ മനസു തുറക്കാതെ,​ കണ്ണുമാത്രം തുറക്കുന്ന ഒരു സമൂഹത്തിൽ ആ കാല്പാടുകൾ വേണ്ടവിധം ദൃശ്യമായിത്തീരുകയില്ല. ധാർമ്മിക മൂല്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കാത്ത ഡോ. പല്പുവിന്റെ പ്രകൃതം എക്കാലവും സാമൂഹ്യ സേവനത്തിനിറങ്ങുന്നവർക്ക് ഒരു മഹത്തായ മാതൃകയാണ്. ഗുരുവിന്റെ തത്വസംഹിതകളെ തന്റെ ഹൃദയാകാശത്തിൽ പതിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സാമൂഹ്യരംഗത്ത് എപ്പോഴും നിലകൊണ്ടിട്ടുള്ളത്.

അത്തരത്തിൽ, ഇത്രയും ആദർശശുദ്ധിയും കർമ്മശുദ്ധിയുമുള്ള ഒരു മനുഷ്യസ്നേഹിയെ കാണാതെയും അനുസ്മരിക്കാതെയും പഠിക്കാതെയും പോകുന്നത് ഒരുപക്ഷേ, നമുക്ക് ആദർശ ശുദ്ധിയിലും കർമ്മശുദ്ധിയിലും പിഴവുകൾ സംഭവിക്കുന്നതുകൊണ്ടാവാമെന്നേ കരുതാനാവൂ. ഏതായാലും കേരള ചരിത്രത്തിൽ മറയ്ക്കപ്പെടാനാവാത്ത വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം ജീവിതത്തിന് വിരാമം കുറിച്ചത്. അദ്ദേഹത്തിന് എല്ലാ ജാതികളും സമമായിരുന്നു. മതഭേദങ്ങളും ഇല്ലായിരുന്നു. ഇത്തരത്തിൽ ഗുരുദേവദർശനത്തിന്റെ സാമൂഹികതലത്തെ ഇത്രമാത്രം ഉൾക്കൊള്ളുകയും ഇത്രകണ്ട് വ്യാപരിപ്പിക്കുകയും ഇത്രയും പരിവർത്തനപ്പെടുത്തുകയും ചെയ്ത ആധുനിക കേരള ശില്പികളിൽ പ്രമുഖനും അവിസ്മരണീയനുമാണ് ഡോ. പല്പു. അതുകൊണ്ടാണ് ചരിത്രത്തിന്റെ താളുകളിൽനിന്ന് ആരെത്ര തമസ്കരിക്കാൻ നോക്കിയാലും ഡോ. പല്പു എന്ന മഹാവ്യക്തിത്വം ഇന്നും സമൂഹമനസ്സിൽ ശോഭിതമായി നിലകൊള്ളുന്നത്.

ജീവിതവും സമ്പാദ്യവും അശരണർക്കായി പങ്കുവച്ചാനന്ദിച്ചവർ നമ്മുടെ ചരിത്രത്തിൽ ഇതുപോലെ അധികമില്ല. പിന്നാക്കക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് പ്രതികൂല സാമൂഹിക പരിസ്ഥിതിയിൽ നിന്നുകൊണ്ട് സധൈര്യം പോരാടിയ അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറ പാഠ്യവിഷയമാക്കേണ്ടതാണ്.

സാമൂഹ്യ പരിഷ്‌ക്കർത്താക്കളെയും നവോത്ഥാന നായകരെയും സമുചിതമായി ആദരിക്കുന്നതിലും അനുസ്മരിക്കുന്നതിലും ഒട്ടും പിശുക്കു കാട്ടാത്ത സംസ്ഥാനമാണ് കേരളം. ആ നിരയിൽ, ഭാവി തലമുറയ്ക്ക് ഡോ. പി. പല്പുവിന്റെ മഹത്തരമായ സംഭാവനകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും പ്രചോദനമാകത്തക്ക വിധത്തിൽ തലസ്ഥാന നഗരത്തിൽ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്. ആ സ്വപ്നം എത്രയും വേഗം സഫലമാകുമെന്ന് പ്രതീക്ഷിക്കാം.

(ഡോ. പല്പു ഗ്ളോബൽ മിഷൻ ചെയർമാനാണ് ലേഖകൻ)