
വർക്കല: കരാറടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന കാപ്പിൽ റെയിൽവേ സ്റ്റേഷൻ വീണ്ടും അനാഥമായി. കഴിഞ്ഞ 10 വർഷത്തിലേറെയായി ഹാൾട്ട് സ്റ്റേഷനായാണ് കാപ്പിൽ റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനുള്ള കരാറുകാരന്റെ കാലാവധി 2023 ഡിസംബർ 10ന് അവസാനിച്ചതോടെ സ്റ്റേഷൻ പ്രവർത്തനം സ്തംഭിച്ചു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കാപ്പിലിൽ നൂറുകണക്കിന് സഞ്ചാരികളാണ് ദിനവുമെത്തുന്നത്. പ്രദേശത്തെ വൃദ്ധരും രോഗികളും വിദ്യാർത്ഥികളും സർക്കാർ സ്വകാര്യ മേഖലയിലെ ജീവനക്കാരുമടക്കം വലിയൊരു വിഭാഗം ട്രെയിൻ ഗതാഗതത്തെ ആശ്രയിക്കുന്നവരാണ്. അഞ്ച് ട്രെയിനുകൾക്കാണ് നിലവിൽ സ്റ്റേഷനിൽ സ്റ്റോപ്പ് ഉള്ളത്. ഈ ട്രെയിനുകളിൽ ടിക്കറ്റ് എടുക്കാതെ സഞ്ചരിക്കുകയോ മറ്റ് മാർഗ്ഗങ്ങൾ തേടുകയോ ചെയ്യേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത് പിടിക്കപ്പെട്ടാൽ വലിയൊരു തുക റെയിൽവേ പിഴ ചുമത്തും. ഡിസംബറിൽ കരാർ കാലാവധി അവസാനിച്ചു ഒരു മാസം കൂടി കരാറുകാരൻ ജോലി ചെയ്തിരുന്നു. കരാർ പുതുക്കി നൽകുന്നതിനുള്ള യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാകാത്തതിനാൽ ജനുവരി 12 ന് ജോലി അവസാനിപ്പിക്കേണ്ടിവന്നതായി മുൻ കരാറുകാരൻ പറയുന്നു. കരാറുകാരനെ നിയമിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്റ്റേഷൻ അവഗണനയിൽ
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചും സ്റ്റേഷനോടുള്ള അവഗണന റെയിൽവേ തുടരുകയാണ്. കൊവിഡുകാലം കഴിഞ്ഞതോടെ സ്‌റ്റേഷനിൽ നിറുത്തുന്ന ട്രെയിനുകളുടെ എണ്ണം എട്ടിൽ നിന്നും അഞ്ചായി കുറഞ്ഞു. 2013ൽ സ്റ്റേഷൻ അടച്ചിടാനുള്ള ശ്രമവും റെയിൽവേയുടെ ഭാഗത്തു നിന്നുണ്ടായി. നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നടത്തിയ സമരത്തിന്റെ ഫലമായാണ് ഹാൾട്ട് സ്റ്റേഷനായി നിലനിറുത്തിയത്. കരാർ ഏറ്റെടുത്ത് നടത്താൻ ആളില്ലാതെ വന്നാൽ സ്റ്റേഷൻ അടച്ചു പൂട്ടുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. ലക്ഷങ്ങൾ ചെലവിൽ പ്ലാറ്റ് ഫോമുകൾ ഉയർത്തിയും സമീപവാസികളുടെ വഴി അടച്ചുകൊണ്ടുള്ള സംരക്ഷണവേലി നിർമ്മാണവും നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി നടന്നുവരുന്നു.
സാമൂഹ്യവിരുദ്ധ കേന്ദ്രം
രാത്രിയായാൽ സ്റ്റേഷൻ പരിസരം മദ്യപാന കേന്ദ്രമായി മാറുന്നു. വെളിച്ചമില്ലായ്മയും സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നുണ്ട്. രാത്രിയിൽ ട്രെയിനിറങ്ങുന്ന സ്ത്രീകൾ ഭയത്തോടെയാണ് സ്റ്റേഷനിൽ നിന്നു വീടുകളിലേക്ക് യാത്ര ചെയ്യേണ്ടത്. സ്റ്റോപ്പ് ഇല്ലാത്ത ട്രെയിനുകൾക്ക് നേരെ കല്ലും തടിക്കഷ്ണങ്ങളും വലിച്ചെറിഞ്ഞ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുൻ കരാറുകാരനെതിരെയും അതിക്രമങ്ങൾ ആവർത്തിച്ചിട്ടുണ്ട്.