
തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരിയുടെ ഓർമ്മകൾ നിലനിറുത്തുന്നതിനും ജീവിതസന്ദേശം പുതിയ തലമുറയ്ക്ക് പഠിക്കുന്നതിനും തലസ്ഥാനത്ത് സ്മാരകം വേണമെന്ന് ശാന്തിസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതിനുള്ള പ്രാഥമിക പ്രവർത്തനം ആരംഭിച്ചതായും സുഗതകുമാരിയുടെ കുടുംബാംഗങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്തതിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ശാന്തി സമിതി സെക്രട്ടറി ജെ.എം.റഹിം അറിയിച്ചു. സുഗതകുമാരി ചെയർപേഴ്സണായിരുന്ന സംഘടനയാണ് ശാന്തിസമിതി.
സുഗതകുമാരിയുടെ നവതി വർഷമായതിനാൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സമിതി നടപ്പാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സുഗതകുമാരിയുടെ 90-ാം പിറന്നാൾ ദിനമായ ഇന്നലെ നടന്ന ഓർമ്മപുതുക്കലിലാണ് ശാന്തിസമിതി സ്മാരകം ഒരുവർഷത്തെ നവതി പ്രണാമ പദ്ധതി പ്രഖ്യാപിച്ചത്.
ശാന്തി സമിതി രക്ഷാധികാരികളായ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം,പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,സ്വാമി അശ്വതി തിരുനാൾ,സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,ശാന്തി സമിതി ഭാരവാഹികളായ എച്ച്.ഷഹീർ മൗലവി, ഫാ.യുജിൻ പെരേര,ആർ. നാരായണൻ തമ്പി എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.