
മുടപുരം: തെങ്ങുംവിള ക്ഷേത്രത്തിലെ ഉത്സവ വിളംബരവുമായി മാനുഷമിറങ്ങി. കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് നൂറ്റാണ്ടുകളായി നടക്കുന്ന ആചാരമാണിത്. ഭഗവതിയുടെ പ്രതിനിധികളായ മാനുഷങ്ങൾ പട്ടുടുത്ത്,ദേവിയുടെ ചിലമ്പും ത്രിശൂലവുമായി ക്ഷേത്രത്തിനു ചുറ്റുമുള്ള കരകളിലെ എല്ലാ ഭവനങ്ങളും സന്ദർശിക്കും. കൈമണി കിലുക്കി വരവറിയിച്ച് ക്ഷേത്രപൂജാരി ഏല്പിച്ച ഭസ്‌മവും പ്രസാദവും നൽകി അനുഗ്രഹിച്ച് ഓരോ വീട്ടിൽ നിന്നും ഭഗവതിക്കുള്ള സംഭാവനകൾ കൈപ്പറ്റി ക്ഷേത്രത്തിലെത്തിക്കുന്ന ചടങ്ങാണിത്. പണ്ട് ക്ഷേത്രത്തിനു സമീപമുള്ള പ്രദേശം മുഴുവൻ നെൽപ്പാടങ്ങളായിരുന്നു. നാട്ടുകാർ തങ്ങൾക്കു ലഭിച്ച കാർഷിക വിളയുടെ ഒരു ഭാഗം ഭഗവതിക്കായി മാറ്റിവയ്ക്കും. മാനുഷങ്ങൾ ഈ ധാന്യങ്ങൾ ശേഖരിച്ചാണ് അക്കാലത്ത് ഉത്സവച്ചെലവുകൾ നിർവഹിച്ചിരുന്നത്. മുടപുരം മോണ്ടിവിള വീട്ടിൽ എൻ.മുരളി,ശിവകൃഷ്ണപുരം ശ്രീശൈലം വീട്ടിൽ പി.അശോകൻ എന്നിവർക്കാണ് ഇത്തവണ മാനുഷമാകാൻ നിയോഗം ലഭിച്ചത്. മുടപുരം മംഗ്ലാവിൽ വീട്ടിൽ വാഗീശൻ,ചേമ്പുംമൂല വേലിക്കകത്തുവിള വീട്ടിൽ ആർ.സുരേഷ് എന്നിവർ സഹായികളായി മാനുഷങ്ങളെ അനുഗമിക്കും. മകരം ഒന്നിന് രാവിലെ മുതലാണ് മാനുഷങ്ങൾ ഊരുചുറ്റി ക്ഷേത്രത്തിൽ നിന്നിറങ്ങിയത്. ക്ഷേത്ര മേൽശാന്തി മനോജ് നമ്പൂതിരി ഇവർക്ക് പൂജിച്ച ഭസ്‌മവും പ്രസാദവും നൽകി. ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ഫെബ്രുവരി 9ന് കൊടിയേറി 15ന് സമാപിക്കും.