governor

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരേ അതിരൂക്ഷ വിമർശനമടങ്ങിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതേ പടി അംഗീകരിച്ചു. ഇക്കാര്യമറിയിച്ച് ഇന്നലെ വൈകിട്ട് ഗവർണർ സർക്കാരിന് കത്ത് നൽകി.

കേന്ദ്ര സർക്കാർ സാമ്പത്തികമായി അവഗണിക്കുന്നെന്നും അർഹിക്കുന്ന വിഹിതം നൽകുന്നില്ലെന്നും ഇതിലൂടെ സംസ്ഥാന വരുമാനത്തിൽ 57400 കോടി രൂപയുടെ കുറവുണ്ടായെന്നും കടമെടുപ്പ് പരിധി കുറച്ചത് പ്രതിസന്ധിയുണ്ടാക്കിയെന്നുമടക്കം രൂക്ഷ വിമർശനങ്ങളാണ് നയപ്രഖ്യാപനത്തിലുള്ളതെന്നാണ് സൂചന. ഗവർണർ അനുമതി നൽകിയതോടെ നയപ്രഖ്യാപന പ്രസംഗം അച്ചടിക്കായി അയയ്ക്കും. 25ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് ഇക്കൊല്ലത്തെ ആദ്യ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.

കേന്ദ്ര വിരുദ്ധ പരാമർശങ്ങളുള്ളതിനാൽ ഗവർണർ നയപ്രഖ്യാപനത്തിന്റെ കരട് അംഗീകരിക്കുമോയെന്ന് സർക്കാരിന് ആശങ്കയുണ്ടായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്നതടക്കം ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്ന ഭാഗങ്ങളും നയപ്രഖ്യാപനത്തിലുണ്ടെന്നറിയുന്നു. ഈ ഭാഗങ്ങൾ ഗവർണർ സഭയിൽ വായിക്കുമോയെന്ന് ആശങ്കയുണ്ട്. നയപ്രഖ്യാപനത്തിൽ വിയോജിപ്പുള്ള ഭാഗങ്ങൾ ഗവർണർക്ക് വായിക്കാതെ വിടാം. മുഴുവൻ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാൽ നയപ്രഖ്യാപനം സഭയിൽ അവതരിപ്പിച്ചതായി കണക്കാക്കാം. പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഉപാധി വച്ച് 2022ൽ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാൻ ഗവർണർ വിസമ്മതിച്ചിരുന്നു. ഏഴര മണിക്കൂർ സർക്കാരിനെ മുൾമുനയിൽ നിറുത്തിയ ശേഷമാണ് നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്.