
അനീതിയെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വരുന്നത് നീതിയില്ലാത്ത ഒരു സാമൂഹ്യക്രമം നിലനിൽക്കുന്നതുകൊണ്ടാണ്. കാലോചിതവും ജനാധിപത്യപരവുമായ ഉടച്ചുവാർക്കലുകൾ നടക്കാത്തതും പരിഷ്കരണത്തിന്റെ പദ്ധതികളെല്ലാം ഉപരിവിപ്ളവമായ മിനുക്കൽ പരിപാടികളിൽ ഒതുങ്ങുന്നതുകൊണ്ടാണ്.
ചെറുതും വലുതുമായ അസംഖ്യം ജാതി വിഭാഗങ്ങളുടെ കൂട്ടായ്മയാണ് നമ്മുടെ രാജ്യം. ജാതിയെന്നത് ഒരു സാമൂഹ്യ യാഥാർത്ഥ്യവും പൗരരുടെ അസ്തിത്വവുമാണ്. അതുകൊണ്ടുതന്നെ ജാതിതിരിച്ചുള്ള കണക്കുകൾ കൂടി ഉൾപ്പെടുന്ന സമഗ്രമായൊരു സാമൂഹ്യ സാമ്പത്തിക സർവേ വർത്തമാന കാലത്തിന്റെ സാമൂഹ്യ പുരോഗതിയുടെ അനിവാര്യതയാണ്.
സ്വാതന്ത്ര്യലബ്ധിയുടെ തുടർച്ചയായി രാഷ്ട്രീയത്തെ ജനാധിപത്യവത്കരിച്ചുവെങ്കിലും, ഭൂമിയും പൊതു വിഭവങ്ങളടക്കമുള്ള സമ്പത്തിനെ ജനാധിപത്യവത്കരിക്കാൻ സാധിച്ചിട്ടില്ല. വിഭവം എന്നത് അധികാരം തന്നെയാണ്. ഇതിന്റെ നീതിയുക്തമായ വിതരണത്തിലൂടെ മാത്രമേ സാമൂഹ്യനീതി പുലരുകയുള്ളൂ.
രാജ്യത്ത് ദശവാർഷികമായി നടക്കേണ്ട സെൻസസ് ഇപ്പോൾ രണ്ടുവർഷം അധികമായിട്ടും നിശ്ചലമായിരിക്കുകയാണ്. ജാതി സെൻസസ് എന്ന ആശയം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയർന്നുവരുമ്പോൾ ഭരണകൂടങ്ങളും മുഖ്യധാര കയ്യാളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും തന്ത്രപരമായ മൗനം തുടരുകയാണ്.
ജാതി സെൻസസിലെ
സാമൂഹ്യ പഠനം
ജാതി സെൻസസ് സാമൂഹ്യമായ ഒരു പഠനം കൂടിയാണ്. പക്ഷേ ആ പഠനത്തെപ്പോലും എതിർക്കുകയാണ് വർണ്ണാധികാര ശക്തികൾ. മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങൾ അവർക്കു ചുറ്റും ബഫർ സോണായി പ്രവർത്തിക്കുന്നു.
1990-കൾക്കു ശേഷം നടപ്പാക്കപ്പെട്ട സാമ്പത്തിക ഉദാരവത്കരണത്തെ പിൻപ്പറ്റി സ്വകാര്യ മേഖലയെ പരിപോഷിപ്പിക്കുക എന്നത് കക്ഷിഭേദമെന്യേ ഭരണകൂടങ്ങളുടെ പൊതുനയമായി മാറി. അത്തരത്തിൽ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമ്പോൾ പ്രകൃതി വിഭവങ്ങൾ ഉൾപ്പെടെ പൊതുമുതൽ ലഭ്യമാക്കുന്നിടത്ത് പട്ടികവിഭാഗങ്ങൾക്ക് എന്തു പങ്കാളിത്തമാണുള്ളതെന്ന കാര്യം ഭരണകൂടങ്ങൾ വ്യക്തമാക്കണം.
പാർലമെന്റ് പാസാക്കിയ മുന്നാക്ക സംവരണം ഇന്ത്യയിൽ ആദ്യം നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. യാതൊരു സാമൂഹ്യ പഠനങ്ങളുടെയും പിൻബലമില്ലാതെയാണ് കേരളത്തിൽ നടപ്പിലാക്കിയത്. എന്നാൽ ജാതി സെൻസസ് നടപ്പാക്കണമെന്ന ആവശ്യത്തിനുമേൽ പുറംതിരിഞ്ഞുനിൽക്കുന്ന സംസ്ഥാന സർക്കാരിന് മുന്നാക്ക സംവരണം നടപ്പാക്കാൻ അത്ഭുതപ്പെടുത്തുന്ന വേഗതയായിരുന്നു. മുന്നാക്കക്കാരിലെ ദരിദ്രനെ കണ്ടെത്താൻ സർക്കാർ നിശ്ചയിച്ച മാനദണ്ഡം പരിശോധിച്ചാൽ, ആ നിലയിൽ ഒരു ദരിദ്രന്റെ അവസ്ഥയിലെത്താൻ പോലും കഴിയാത്തവരാണ് സംസ്ഥാനത്തെ പട്ടികവിഭാഗങ്ങൾ.
ആദിവാസികളും
ദളിതരും
അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട മുപ്പതിനായിരത്തിലധികം കോളനികളിൽ ദളിതരും ആദിവാസികളും തളയ്ക്കപ്പെട്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള അസന്തുലിതാവസ്ഥയും അസംതൃപ്തിയും ഭാവിയിൽ സാമൂഹിക സംഘർഷങ്ങൾക്ക് വഴിവച്ചേക്കാം. ഇതൊക്കെ നാടിന്റെ പൊതുവികസനത്തിന് തടസമാവുകയും ചെയ്യും.
രാജ്യത്ത് ആദ്യമായി ജാതി സെൻസസ് നടന്നത് കർണാടകയിലാണ്. ആദ്യ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത്. എന്നാൽ ആ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. കോൺഗ്രസ് ദേശീയ നേതൃത്വം ജാതി സെൻസസിന് അനുകൂലമായി വാചാലമാകുമ്പോൾ ഹിമാചലിലെ കോൺഗ്രസ് മുഖ്യമന്ത്രി പരസ്യമായി ജാതി സെൻസസിനെതിരെ രംഗത്തുവരുന്നു. ബി.ജെ.പിക്കും ഇടതു കക്ഷികൾക്കും ഈ വിഷയത്തിൽ ഒരു വ്യക്തതയുമില്ല. തെക്കേയിന്ത്യയിൽ സാമൂഹ്യ നീതിയുടെ പക്ഷത്ത് ചേരുന്ന സർക്കാരുകളുടെ എണ്ണം കൂടിവരുന്നു. ആന്ധ്രാപ്രദേശ് കൂടി ജാതി സെൻസസ് ആരംഭിച്ചുകഴിഞ്ഞു. പല കാര്യങ്ങളിലും ആദ്യം നടപടി സ്വീകരിക്കുന്ന കേരളം പക്ഷേ ഇക്കാര്യത്തിൽ അറച്ചുനിൽപ്പാണ്.
1990-കളിൽ അധികാരത്തിൽവന്ന വി.പി. സിംഗിന്റെ ഭരണകാലത്താണ് മണ്ഡൽ ശുപാർശകൾ നടപ്പിലാക്കിയത്. ഇതിന്റെ പേരിൽ രാജ്യത്തുണ്ടായ കലാപ സദൃശ്യമായ സാഹചര്യം അധികമാരും മറക്കാനിടയില്ല. മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് കേന്ദ്ര സർവീസിൽ 27 ശതമാനം സംവരണം നടപ്പിലാക്കപ്പെട്ട മണ്ഡൽ ശുപാർശകളുടെ തുടർച്ചയായി സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് കൂടി നടന്നിരുന്നുവെങ്കിൽ ഇന്ത്യയിലെ സമസ്ത മേഖലകളിലും വലിയ മാറ്റങ്ങൾക്കത് വഴിതെളിക്കുമായിരുന്നു.
ബീഹാറിലെ
സത്യം
ഇന്ത്യയിൽ ഇപ്പോൾ ജാതി സെൻസസ് പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം ബീഹാറാണ്. ഈ കണക്കെടുപ്പിലൂടെ പുറത്തുവന്ന വിവരങ്ങൾ എക്കാലവും സാമൂഹ്യ നീതിയെ തുരങ്കംവയ്ക്കുന്ന വർണ്ണാധികാര ശക്തികളെ ഭ്രാന്തുപിടിപ്പിച്ചിട്ടുണ്ട്. 36 ശതമാനം അതിപിന്നാക്കരും, 27.12 ശതമാനം പിന്നാക്കരും ചേർന്ന് 63 ശതമാനം ഒ.ബി.സികളും 21 ശതമാനം ദളിത് ആദിവാസി ജനതയുമുൾപ്പെടെ ബീഹാറിൽ 84 ശതമാനം പിന്നാക്ക ജനവിഭാഗങ്ങളാണെന്നു കണ്ടെത്തി. ഇത് ഇന്ത്യയുടെ ശരാശരി പരിച്ഛേദമാണ്. ഇതോടെ ഭയപ്പാടിലായ വരേണ്യ വിഭാഗങ്ങൾ ജാതി സെൻസസിനെ വക്രീകരിച്ച് പ്രചരിപ്പിക്കാനും സാമൂഹ്യ ഐക്യം തകർക്കപ്പെടുമെന്ന പൊള്ളയായ വാദങ്ങൾ ഉയർത്തി പ്രതിരോധിച്ച് ആധിപത്യം നിലനിറുത്താനുമുള്ള പ്രചരണങ്ങൾക്ക് ആക്കം കൂട്ടുകയാണ്.
രാജ്യം വലിയ പുരോഗതിയിലേക്കു പോകുമ്പോഴും വികസനത്തിന്റെ മുഖ്യധാരാ കാഴ്ചപ്പാടിൽ പാർശ്വവത്കൃത വിഭാഗങ്ങൾ എന്നും പുറത്താണ്. തുല്യതയും നീതിയുമില്ലാത്ത ഒരു സാമൂഹ്യഘടനയുടെ മുഖംമൂടിയായി ജനാധിപത്യം അങ്ങനെ നിലനിൽക്കുന്നു. ഐക്യ കേരള രൂപീകരണത്തിന്റെ ഏഴു പതിറ്റാണ്ടിലേക്ക് അടുക്കുകയാണ് നമ്മൾ. സാമൂഹിക സാമ്പത്തിക രംഗത്തെക്കുറിച്ചും പൊതു വിഭവങ്ങളുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചും ഒരു ബ്ളൂപ്രിന്റ് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ സമഗ്രമായൊരു സാമൂഹിക സാമ്പത്തിക ജാതി സെൻസസ് അനിവാര്യമാണെന്ന് കെ.പി.എം.എസ് ആവശ്യപ്പെടുന്നത്.