
തിരുവനന്തപുരം: തലച്ചോറിന്റെ അദ്ഭുതാവഹമായ പ്രവർത്തനശേഷിയെക്കുറിച്ച് വിശദമാക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിലെ പവലിയൻ ശ്രദ്ധേയമാകുന്നു. 2,500 ചതുരശ്ര അടി വിസ്‌തീർണമുള്ള പവലിയനിൽ തലച്ചോറിന്റെ ഓരോ ഭാഗങ്ങൾ മാത്രമല്ല, ഉറക്കവും സ്വപ്‌നവും തുടങ്ങി കമ്പ്യൂട്ടേഷണൽ ഉപകരണങ്ങൾ മനുഷ്യമനസിനെ എങ്ങനെയൊക്കെയാണ് വിപുലീകരിക്കുകയും സഹായിക്കുകയും ചെയ്യുന്നതെന്നുവരെ വിശദീകരിക്കുന്നു.
ചിത്രങ്ങളുടെയും ശില്പങ്ങളുടെയും ആനിമേഷന്റെയും പ്രദർശനവസ്‌തുക്കളുടെയും സഹായത്തോടെയാണ് പ്രവർത്തനങ്ങൾ വിശദീകരിക്കുന്നത്. വെളിച്ചം പതിക്കുമ്പോൾ കണ്ണിന്റെ റെറ്റിന ചുരുങ്ങുന്നതും വെളിച്ചം കുറയുമ്പോൾ വികസിക്കുന്നതും മൊബൈൽ ഫോണിലെ ടോർച്ചിന്റെ സഹായത്തോടെ വ്യക്തമായും വലുതായും കാണാം. മനുഷ്യരുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ ഏതു ഭാഗമാണെന്ന് മനസിലാക്കാൻ വലിയ സ്‌ക്രീനിൽ ഡിസൈഡിംഗ് എന്നെഴുതിയ ഭാഗത്ത് സ്‌പർശിച്ചാൽ മതി.
ഇത്തരത്തിൽ തലച്ചോറിന്റെ ഓരോ ഭാഗവും എന്തൊക്കെ ധർമ്മങ്ങളാണ് നിർവഹിക്കുന്നതെന്ന് നിഷ്പ്രയാസം മനസിലാക്കാനാകും. 20ഓളം ലൈറ്റ് ബോക്‌സുകളുടെയും സംവാദാത്മക സ്‌ക്രീനുകളുടെയും സഹായത്തോടെയാണ് പ്രദർശനം. കാഴ്ചകൾ വിശദീകരിക്കാൻ വോളന്റിയർമാരായി എൻ.സി.സി കേഡറ്റുകളുമുണ്ട്. തോന്നയ്‌ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ ആരംഭിച്ച ജി.എസ്.എഫ്.കെയിൽ ക്യൂറേറ്റഡ് സയൻസ് പ്രദർശനത്തിലേക്ക് അന്താരാഷ്ട്ര പവലിയനുകൾ എത്തിത്തുടങ്ങി. ഐ.എസ്.ആർ.ഒയുടെ പവലിയൻ വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്‌തു. കെൽട്രോൺ സി.എം.ഡി എൻ.നാരായണമൂർത്തി,ജി.എസ്.എഫ്.കെ പ്രോഗ്രാം കൺവീനർ ഡോ.രതീഷ് കൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 15 വരെയാണ് പ്രദർശനം.