father

കാട്ടാക്കട: വിവാഹച്ചടങ്ങിനിടെയുണ്ടായ കൈയാങ്കളിക്കിടെ വധുവിന്റെ പിതാവിനും സഹോദരനും ഉൾപ്പെടെ മർദ്ദനമേറ്റു. കാപ്പിക്കാട് ഇറയൻകോട് ജമാഅത്ത് പള്ളി ഹാളിൽ വിവാഹത്തിനെത്തിയവർ തമ്മിലുള്ള തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. ഞായറാഴ്ച രാവിലെയുണ്ടായ തർക്കത്തിൽ രാത്രിയോടെയാണ് സംഘർഷമുണ്ടായത്.

വധുവിന്റെ വീട്ടുകാരുടെ ബന്ധുക്കൾ തമ്മിലായിരുന്നു തർക്കം. സംഭവ ദിവസം രാവിലെ ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന 40 വയസുള്ള സ്ത്രീയെ കല്യാണത്തിനെത്തിയ ഇവരുടെ ബന്ധുക്കളിലൊരാൾ അകാരണമായി മർദ്ദിച്ചെന്നാരോപിച്ചാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. യുവാവ് തന്നെ അനാവശ്യം പറഞ്ഞശേഷം മർദ്ദിച്ചെന്ന് ഇവർ വധുവിന്റെ പിതാവ് ബാദുഷയോട് പരാതി പറഞ്ഞു. തുടർന്ന് ബാദുഷയും ഇയാളുടെ സഹോദരൻ ഷബീറും യുവാവിനോട് സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്‌തതാണ് കൂട്ടയടിയിൽ കലാശിച്ചത്.

പരിക്കേറ്റവർ ആദ്യം കാട്ടാക്കട ഗവ.ആശുപത്രിയിലും പിന്നീട് നെയ്യാറ്റിൻകര ആശുപത്രിയിലും ചികിത്സ തേടി. ബന്ധുക്കൾ തമ്മിൽ നേരത്തെയും തർക്കങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. ഷബീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിളപ്പിൽശാല പൊലീസ് ആറോളം പേർക്കെതിരെ കേസെടുത്തു.