congress

തിരുവനന്തപുരം: ബൂത്ത്തല പ്രവർത്തനങ്ങൾ പോഷക സംഘടനകളെ ഉൾപ്പെടുത്തി നടപ്പാക്കാൻ ബൂത്ത് ജോഡോയുമായി കോൺഗ്രസ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ നേതൃത്വത്തിൽ പോഷക സംഘടനകളുടെ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ഐ.എൻ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഓരോ ബൂത്തിലും അഞ്ച് പേരെ വീതം കണ്ടെത്തി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും. വോട്ടർ പട്ടികയിൽ പേരു ചേർക്കൽ, ഏജന്റുമാരായി ബൂത്തുകളിൽ ഇരിക്കൽ, വീടു കയറിയുള്ള പ്രചാരണം തുടങ്ങിയവയിൽ പോഷക സംഘടനകളെ സജീവമായി പങ്കെടുപ്പിക്കും.20 പാർലമെന്റ് മണ്ഡലങ്ങളിലും ഇവരുടെ പ്രവർത്തനങ്ങൾ എകോപിപ്പിക്കാൻ കോ -ഓർഡിനേറ്ററുമാരുണ്ടാവും. അതത് സംഘടനകളുടെ വൈസ് പ്രസിഡന്റുമാർക്കും ജനറൽ സെക്രട്ടറിമാർക്കും മറ്റ് മുതിർന്ന നേതാക്കൾക്കും ഇതിന്റെ ചുമതലകൾ നൽകും.

കെ.എസ്.യുവിന്

ക്യാമ്പസ് ജോഡോ

കെ.എസ്.യു വഴി ക്യാമ്പസ് ജോഡോ നടപ്പാക്കും.ക്യാമ്പസുകളിൽ വളർന്നു വരുന്ന ഫാസിസ്റ്റ്, വർഗീയ പ്രവണതകൾക്കെതിരെ പ്രചാരണം ഊർജ്ജിതമാക്കാനും പുതിയ പ്രവർത്തകരെ കണ്ടെത്താനും തീരുമാനമായി.

കെ.പി.സി.സി നേതൃത്വത്തിൽ നിന്ന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി യോഗത്തിൽ കെ.എസ്.യു നേതാക്കൾ ഉന്നയിച്ചു. നവ കേരളാ സദസ്സിനിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുകയും സമരം നയിക്കുകയും ചെയ്ത കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പലരും അറസ്റ്റിലായി. എന്നാൽ ആവശ്യത്തിന് നിയമസഹായം ഇവർക്ക് നൽകാൻ കെ.പി.സി.സി നേതൃത്വം തയ്യാറാകുന്നില്ല. പലപ്പോഴും ജാമ്യത്തുക കെട്ടിവയ്യ്ക്കാൻ പോലും കഴിയുന്നില്ല.

യൂത്ത് കോൺഗ്രസിന് കെ.പി.സി.സി ആവശ്യമായ പരിഗണന നൽകുന്നുണ്ടെന്നും

അവർ പറഞ്ഞു.