collectorate-programme

പേരൂർക്കട: പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഈവർഷം ജനുവരി ഒന്നിനു 18 വയസ് പൂർത്തിയായവരെയും വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്. കുടപ്പനക്കുന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ജനുവരി 5ന് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ച ശേഷം ലഭിച്ച 2,12,029 അപേക്ഷകൾ പരിശോധിക്കുകയും 18 വയസ് പൂർത്തിയാക്കിയ 23,039 യുവ വോട്ടർമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്തിമ വോട്ടർപ്പട്ടിക അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി ലഭ്യമാക്കും. താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൂടെയും ബൂത്ത് ലെവൽ ഓഫീസർമാർ വഴിയും വോട്ടർപ്പട്ടിക പൊതുജനങ്ങൾക്കും പരിശോധിക്കാം. തിരുവനന്തപുരം ജില്ലയിൽ 2,730 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുള്ളതെന്നും ജനുവരി 1ന് 18 വയസു തികഞ്ഞവർക്ക് പേരുചേർക്കാൻ ഇനിയും അവസരമുണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സബിൻ സമീദ് കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.