
□ഡയസ് നോൺ ഏർപ്പെടുത്തി
തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളിലെ ജീവനക്കാർ നാളെ നടത്തുന്ന
പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചു.
ഡി.എ കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃ:സ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
പണിമുടക്കുന്ന ജീവനക്കാരുടെ ശമ്പളം കുറവ് ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അനുമതി ഇല്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കും.
നാളെ ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിന് കർശന നിയന്ത്രണവും ഏർപ്പെടുത്തി. ജീവനക്കാരനോ അടുത്ത ബന്ധുക്കളോ അസുഖബാധിതരായാൽ, ജീവനക്കാരുടെ പരീക്ഷ സംബന്ധമായ ആവശ്യങ്ങൾക്ക്, പ്രസവാവശ്യത്തിന്, സമാനമായ ഒഴിച്ചുകൂടാനാവാത്ത മറ്റ് സാഹചര്യങ്ങൾ എന്നിവയിലല്ലാതെ ജീവനക്കാർക്ക് അവധി അനുവദിക്കില്ല. ചികിത്സാ ആവശ്യത്തിന് അവധിക്ക് അപേക്ഷിക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അവധി അപേക്ഷകൾ മേലുദ്യോഗസ്ഥർ ഉടൻ തന്നെ തീർപ്പാക്കണം. ഓഫീസിന്റെ തലവൻ പണിമുടക്കിൽ പങ്കെടുത്ത് ഓഫീസ് പ്രവർത്തിക്കാത്ത സാഹചര്യവുമുണ്ടായാൽ അക്കാര്യം പണിമുടക്കിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർ ജില്ലാ ഓഫീസറെ അറിയിക്കണം. പണിമുടക്ക് ദിവസം ജീവനക്കാർക്കും അദ്ധ്യാപകർക്കും പൂർണ സുരക്ഷ ഏർപ്പെടുത്തണം. ഓഫീസുകളിലും സ്കൂളിലും ജീവനക്കാർക്ക് തടസമില്ലാതെ എത്തിച്ചേരാനുള്ള സാഹചര്യം ജില്ലാകളക്ടമാർ ഉറപ്പുവരുത്തണം. അക്രമങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്കുന്ന ജീവനക്കാരുടെ പട്ടിക പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കുകയും വേണം.