തിരുവനന്തപുരം: സ്‌മാർട്ട് സിറ്റിക്കായി സർവത്ര റോഡും കുഴിച്ചിട്ടിരിക്കുന്ന നഗരം ഇന്നലെ കെ-വാക്കിനെ തുടർന്ന് കൂടുതൽ ഗതാഗതക്കുരുക്കിലമർന്നു. ഇന്നലെ വൈകിട്ട് 3ന് മാനവീയം വീഥിയിൽനിന്ന് സെൻട്രൽ സ്റ്റേഡിയം വരെ നടന്ന കെ.വാക്കിനെ തുടർ‌ന്നാണ് വാഹനങ്ങളും യാത്രക്കാരും ബ്ളോക്കിൽപ്പെട്ടത്.

സന്ധ്യ കഴിഞ്ഞിട്ടും നഗരത്തെ ശ്വാസംമുട്ടിച്ച തിരക്കായിരുന്നു റോഡുകളിൽ. മാനവീയം വീഥിയിൽ നിന്നാരംഭിച്ച കെ.വാക്ക് ഏറ്രവും തിരക്കേറിയ കനകക്കുന്ന്,​ മ്യൂസിയം,​എൽ.എം.എസ്,പാളയം,സ്‌പെൻസർ,സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റ് വഴിയാണ് സെൻട്രൽ സ്റ്റേഡിയത്തിൽ അവസാനിച്ചത്. ഇന്റർനാഷണൽ സ്‌പോർട്സ് സമ്മിറ്റ് കേരള 2024 ഭാഗമായി സർക്കാർ സംഘടിപ്പിച്ച കെ-വാക്കിന് സിറ്റി പൊലീസ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.നിയന്ത്രണം തുടങ്ങിയപ്പോൾ ആരംഭിച്ച യാത്രാക്ളേശം വാക്ക് തുടങ്ങിയപ്പോൾ രൂക്ഷമായി. പ്രധാന പാതകളിൽ ഗതാഗതം നിയന്ത്രിച്ചതോടെ എങ്ങനെയെങ്കിലും പുറത്ത് കടക്കാൻ നോക്കിയവർ ചെറിയ റോഡുകളിൽ പെട്ടു. സ്മാർട്ട് സിറ്റി റോഡ് നിർമ്മാണം നടക്കുന്നതിനാൽ പല റോഡുകളിലും യാത്ര അസാദ്ധ്യമായതും ക്ളേശം രൂക്ഷമാക്കി.

കായികതാരങ്ങൾ, പരിശീലകർ,​ സർക്കാർ ജീവനക്കാർ എൻ.സി.സി, എൻ.എസ്.എസ്, കുടുംബശ്രീ, ഹരിത കർമ്മസേന, എസ്.പി.സി മെഡിക്കൽ വിദ്യാർത്ഥികൾ ഡിഫൻസ് ആംഡ് പൊലീസ് സി.ആർ.പി.എഫ് സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ പൊതുജനങ്ങൾ ജില്ലാ സ്‌പോർട്സ് കൗൺസിൽ,​ ജില്ലാ ഫെൻസിംഗ് അസോസിയേഷൻ, ആർച്ചറി അസോസിയേഷൻ,കേരള സ്‌പോർട്സ് കൗൺസിൽ സ്‌പോർട്സ് സ്‌കൂൾ, ഫുട്‌ബാൾ അസോസിയേഷൻ, കരാട്ടെ അസോസിയേഷൻ,റോൾബാൾ അസോസിയേഷൻ,വുഷു അസോസിയേഷൻ, സെക്രട്ടേറിയറ്റ് സ്‌പോർട്സ് അസോസിയേഷൻ തുടങ്ങിയവരും വിവിധ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ,സ്‌കൂൾ പൊലീസ് കേഡറ്റ് എന്നിവയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പേരാണ് കെ-വാക്കിന്റെ ഭാഗമായത്.