ayodhya

തിരുവനന്തപുരം:അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ആഘോഷമാക്കി കേരളത്തിലെ ഭക്തജനങ്ങൾ.ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് അയോദ്ധ്യയിൽ എത്തി ചടങ്ങിന്റെ ഭാഗമായി.സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തിലുള്ള സന്യാസസംഘം നേരത്തേതന്നെ അയോദ്ധ്യയിൽ എത്തിയിരുന്നു. കേരളത്തിലെ വ്യവസായ പ്രമുഖരും അയോദ്ധ്യയിൽ എത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തും ബി.ജെ.പി. അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോട്ടയത്തും ആഘോഷചടങ്ങിൽ പങ്കെടുത്തു.

അയോദ്ധ്യ ശ്രീരാമ ജൻമ ഭൂമി ട്രസ്റ്റിന്റെ കേരള സമിതിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകൾ സംസ്ഥാനമെമ്പാടും ആഘോഷപരിപാടികളും പ്രസാദവിതരണവും നടത്തി. തിരുവനന്തപുരം നഗരത്തിൽ185 സ്ഥലങ്ങളിലും ജില്ലയിൽ 800ഒാളം കേന്ദ്രങ്ങളിലും രാമക്ഷേത്രപ്രതിഷ്ഠാആഘോഷങ്ങൾ നടന്നു. വഴുതക്കാട് രമാദേവിമന്ദിരത്തിൽ നടന്ന ആഘോഷപരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി. കുമ്മനം രാജശേഖരൻ,ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ.ജി.മാധവൻനായർ,പ്രൊഫ.ഓമനക്കുട്ടി, മുൻ ഡി.ജി.പി അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോട്ടയം രാമപുരം ശ്രീരാമക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്തു. പ്രസാദവിതരണവും പ്രാണപ്രതിഷ്ഠ ചടങ്ങുകളുടെ ലൈവ് സംപ്രേഷണവും ഉണ്ടായിരുന്നു. വീടുകളിൽ ദീപം തെളിച്ചും ഭക്തർ ആഘോഷിച്ചു.