
തിരുവനന്തപുരം: വ്യക്തിപൂജ സംബന്ധിച്ച വിമർശനവും അഴിമതി ആരോപണങ്ങളും ഉയരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വയനാട് മേപ്പാടിയിൽ കഴിഞ്ഞ ദിവസം പാർട്ടി മുൻ ജില്ലാ സെക്രട്ടറി പി.എ മുഹമ്മദ് അനുസ്മരണ സമ്മേളനത്തിലാണ് സെക്രട്ടറി താക്കീത് സ്വരം ഉയർത്തിയത്. വിമർശനവും സ്വയം വിമർശനവും പാർട്ടി ശൈലിയാണെങ്കിലും പൊതുസമ്മേളനങ്ങളിൽ ഇത് ഉന്നയിച്ച് പ്രസംഗിക്കുന്ന പതിവ് വിരളമാണ്.
രണ്ടാം തവണ ഭരണം ലഭിച്ചപ്പോൾ പാർട്ടിയെ ജീർണതകൾ ബാധിച്ചുവെന്ന പരോക്ഷ വിമർശനവും അദ്ദേഹം പൊതുവിൽ നടത്തിയിട്ടുണ്ട്. സി.പി.എം നടത്തിയ സമരപോരാട്ടങ്ങളെയും അതിലൂടെ പാർട്ടിക്ക് വേണ്ടി രക്തസാക്ഷികളായവരെയും ഓർമ്മിപ്പിച്ച് ഗൗരവതരമവയ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. സമീപകാലത്ത് കരുവന്നൂർ അടക്കമുള്ള പല വിഷയങ്ങളിലും പാർട്ടി പ്രതിക്കൂട്ടിലായിരുന്നു.
ചെറുതും വലുതുമായ ഒട്ടേറെ വിഷയങ്ങൾ പ്രദേശിക തലത്തിൽ പോലും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ലക്ഷ്യമിട്ട് പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നുവെന്ന ആരോപണം സി.പി.എം മുമ്പ് തന്നെ ഉന്നയിച്ചിട്ടുള്ളതാണ്. എം.എൽ.എമാരിൽ പലരും പൊതുവിടങ്ങളിൽ അതിരുവിട്ടു പെരുമാറുന്ന അവസ്ഥയുണ്ടായിരുന്നു. അതിനാൽ തന്നെ ഭരണത്തുടർച്ചയെന്നത് ജനങ്ങളുടെ അംഗീകാരമാണെന്നും അതിലൂടെ ലഭിച്ച അധികാരം ദുരുപയോഗപ്പെടുത്തരുതെന്ന സന്ദേശവും അദ്ദേഹം നൽകുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി നടത്തിയ പരാമർശങ്ങൾ ഗൗരവത്തോടെയാണ് പ്രവർത്തകരും അംഗങ്ങളും അനുഭാവികളും കേട്ടിട്ടുള്ളത്. പാർട്ടിയുടെ മുൻകാല സമരസഹനങ്ങൾ ഉൾക്കൊണ്ട് പാർട്ടിയെ ശരിയായ ദിശയിൽ മുന്നോട്ടു കൊണ്ടു പോകണമെന്ന നിർദ്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട്. സ്വയം വിമർശനപരമായി എം.വി ഗോവിന്ദൻ നടത്തിയ പ്രസംഗം രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെടാനാണ് സാധ്യത.