തിരുവനന്തപുരം: വിഴിഞ്ഞം പഴയ തുറമുഖത്തിന് സ്ഥിരം ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് സേഫ്ടി (ഐ.എസ്.പി.എസ്) കോഡ് ലഭിച്ചതിനു പിന്നാലെ ക്രൂചെയ്ഞ്ച് പുനരാരംഭിക്കാനുള്ള സാദ്ധ്യതകൾ തെളിയുന്നു. കോഡ് ലഭിച്ചതോടെ ഇനിമുതൽ ഏതുതരം കപ്പലുകൾക്കും വിഴിഞ്ഞത്ത് അടുക്കാൻ സാധിക്കും.

ക്രൂചെയ്ഞ്ച് ഹബ്ബായി മാറാൻ ഇക്കാര്യം വിഴിഞ്ഞത്തെ തുണയ്‌ക്കും. ക്രൂചെയ്ഞ്ചുമായി ബന്ധപ്പെട്ട് കപ്പൽ ഏജൻസികൾ ഹൈക്കോടതിയിൽ നൽകിയ കേസിൽ അടുത്തമാസം 16ന് വിധിയുണ്ടാകുമെന്നാണ് സൂചന. സർക്കാരിന് വരുമാന സാദ്ധ്യതയും രാജ്യാന്തര തുറമുഖം പണി പൂർത്തിയാകുന്നതും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ താത്പര്യമെടുത്താണ് വിഴിഞ്ഞത്തിന് സുരക്ഷാ കോഡ‌് നൽകിയത്. 2020 ജൂൺ 15നാണ് വിഴിഞ്ഞത്ത് ആദ്യമായി ക്രൂ ചെയ്ഞ്ചിംഗിനായി കപ്പൽ അടുത്തത്. 2020-22 കാലയളവിൽ വിവിധ രാജ്യങ്ങളിൽനിന്ന് 736 മദർ ഷിപ്പുകളും സൂപ്പർ ടാങ്കറുകളുമെത്തിയിരുന്നു. ഇതുവഴി 10 കോടിയിലധികം രൂപ തുറമുഖവകുപ്പിന് വരുമാനമായി ലഭിക്കുകയും ചെയ്‌തു.

ഇതോടെ സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് രാജ്യാന്തര ക്രൂ ചെയ്ഞ്ച് ആൻഡ് ബങ്കറിംഗ് പദവി നൽകി. എന്നാൽ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതോടെ കഴിഞ്ഞ ഒന്നരവർഷമായി വിഴിഞ്ഞത്ത് ക്രൂചെയ്ഞ്ച് നടക്കുന്നില്ല. ഇതോടെ കപ്പൽ കമ്പനികൾ കോടതിയെ സമീപിക്കുകയായിരുന്നു.

പുതിയ വാർഫ് നീളം കൂട്ടുന്നു


വിഴിഞ്ഞം പഴയ തുറമുഖത്തെ പുതിയ വാർഫിന്റെ നീളം കൂട്ടാനുള്ള പദ്ധതി തയ്യാറാക്കി സാങ്കേതിക അനുമതിക്കായി കാത്തിരിക്കുകയാണ് ഹാർബർ എൻജിനിയറിംഗ് വകുപ്പ്. അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. കേരളം മാരിടൈം ബോർഡിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ പുതിയ വാർഫിൽ ചെറിയ കപ്പലുകൾക്കും ബോട്ടുകൾക്കും അടുക്കാനാകും. 50 മീറ്റർ നീളമാണ് കൂട്ടുന്നത്. ഇതോടെ നിലവിൽ 83 മീറ്ററുള്ള വാർഫിന്റെ നീളം 133 മീറ്ററായി വർദ്ധിക്കും. 7.5 കോടി രൂപയാണ് പദ്ധതിച്ചെലവ്. 2009ൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ വാർഫിലാണ് കോസ്റ്റ്ഗാർഡിന്റെ ചെറുകപ്പലുകൾ അടുപ്പിക്കുന്നത്.

ഉല്ലാസയാത്ര സർവീസിന്

താത്പര്യമറിയിച്ച് കമ്പനികൾ

വിഴിഞ്ഞത്തെയും സംസ്ഥാനത്തിന്റെ വടക്കൻ തീരങ്ങളെയും കേന്ദ്രീകരിച്ച് വിഴിഞ്ഞത്തുനിന്ന് ഉല്ലാസയാത്ര കപ്പലുകൾ, കോസ്റ്റൽ ഷിപ്പിംഗ് എന്നിവ നടത്തുന്നതിന് താത്പര്യമറിയിച്ച് വിദേശത്തുനിന്നടക്കം കമ്പനികളെത്തിയതായി മാരിടൈം ബോർഡ് അധികൃതർ പറഞ്ഞു.