
തിരുവനന്തപുരം: ഇ ബസ് സർവീസുകൾ നഷ്ടമാണെന്ന തന്റെ വാദത്തിന് വിരുദ്ധമായ കെ.എസ്.ആർ.ടി.സി റിപ്പോർട്ട് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതിൽ മന്ത്രി കെ.ബി.ഗണേശ് കുമാറിന് അതൃപ്തി. സർവീസുകൾ ലാഭമാണെന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇന്നലെ കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ റിപ്പോർട്ട് ചോർന്ന വിവരം പരാമർശിച്ച മന്ത്രി ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന കർശന നിർദ്ദേശവും നൽകി. റിപ്പോർട്ട് ചോർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ ഒരു എക്സിക്യൂട്ടീവ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
ഇ ബസുകളുടെ കളക്ഷനടക്കമുള്ള റിപ്പോർട്ട് മന്ത്രി കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടിരുന്നു. സി.എം.ഡി ബിജു പ്രഭാകർ വിദേശത്തേക്ക് പോയതിനാൽ ജോയിന്റ് എം.ഡിയാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് സമർപ്പിക്കും മുമ്പാണ് വിവരങ്ങൾ പുറത്തുവന്നത്. കെ.എസ്.ആർ.ടി.സിയുടെ വാർഷിക റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തായത്.
ഇ ബസുകളുമായി ബന്ധപ്പെട്ട് മന്ത്രി സ്വീകരിച്ച നിലപാടിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വി.കെ.പ്രശാന്ത് എം.എൽ.എ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് റിപ്പോർട്ട് പുറത്തായതും. ഇത് മന്ത്രിയെ ചൊടിപ്പിച്ചെന്നാണ് വിവരം.
ഇ ബസുകൾ
50 എണ്ണം
കിഫ്ബി ഫണ്ടിലൂടെ
വാങ്ങിയത്
60 എണ്ണം
നഗരസഭ സ്മാർട്ട് സിറ്റി
പദ്ധതിയിലൂടെ ലഭിച്ചത്
20 എണ്ണം
രജിസ്ട്രേഷൻ നടപടി
പുരോഗമിക്കുന്നവ
കേന്ദ്രം നൽകുന്നത്
പ്രധാനമന്ത്രി ഇ ബസ് യോജനയിലൂടെ 950 എണ്ണം. ഇതിന്റെ വാടക കി.മീറ്ററിന് 54 രൂപയിൽ 22 രൂപയും കേന്ദ്രം വഹിക്കും. വാടകയിൽ ശേഷിക്കുന്നതും കണ്ടക്ടറും ശമ്പളവും കെ.എസ്.ആർ.ടി.സി വഹിക്കണം.എന്നാൽ, ഇവ വാങ്ങാൻ ഇതുവരെ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ല.
കെ.എസ്.ആർ.ടി.സി പെൻഷൻ: നിർദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: പെൻഷൻ വിതരണം വൈകുന്നതിനെതിരെ കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർ നല്കിയ കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഫെബ്രുവരി ഏഴിലേക്ക് മാറ്റി. അതിനുമുമ്പ് പെൻഷൻ വിതരണം ചെയ്യുകയോ, കാരണം വ്യക്തമാക്കി സത്യവാങ്മൂലം നല്കുകയോ വേണം. അല്ലാത്തപക്ഷം ചീഫ് സെക്രട്ടറിയടക്കമുള്ളവർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
പെൻഷൻ വിതരണം വൈകരുതെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പെൻഷൻകാരുടെ സംഘടന നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഡിസംബറിലെയും ജനുവരിയിലെയും പെൻഷൻ നൽകിയിട്ടില്ല.
കെ.എസ്.ആർ.ടി.സിയിൽ ശമ്പളവിതരണം വൈകുന്നു
തിരുവനന്തപുരം: ഗതാഗതവകുപ്പിന് പുതിയ മന്ത്രി വന്നിട്ടും ശമ്പളക്കാര്യത്തിൽ പഴയപടി തന്നെയാണ് കാര്യങ്ങൾ. ഡിസംബറിലെ ശമ്പളത്തിന്റെ രണ്ടാം ഗഡു ഇതുവരെ വിതരണം ചെയ്തിട്ടില്ല. പതിവുപോലെ കെ.എസ്.ആർ.ടി.സിയുടെ കൈയ്യിൽ പണവുമില്ല. സർക്കാരിന്റെ കൈയിൽ നിന്നും 20 കോടി ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. തുക അനുവദിക്കുന്ന കാര്യത്തിൽ ധനവകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സർക്കാരിന്റെ കൈയ്യിൽ നിന്നും 20 കോടി രൂപ ലഭിച്ചാൽ ബാക്കി തുക ഓവർ ഡ്രാഫ്ട് എടുത്ത് ശമ്പള വിതരണം നടത്താൻ കഴിയുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷ
ഡ്രൈവിംഗ് ടെസ്റ്റ്: സമിതി റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് നിലവാരം പരിഷ്കരിക്കുന്നതിന് നിയോഗിച്ച മോട്ടോർവാഹനവകുപ്പിന്റെ ഉന്നതതല സമിതി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും. നിലവിലെ പരിമിത സാഹചര്യങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് എങ്ങനെ കുറ്റമറ്റതാക്കാം എന്നതാണ് പരിശോധിക്കുന്നത്. ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാറിന്റെ നിർദ്ദേശപ്രകാരമാണ് സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചത്.ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽനിരീക്ഷണ ക്യാമറ ഘടിപ്പിക്കണമെന്ന നിർദ്ദേശം മന്ത്രി നൽകിയിരുന്നു.എന്നാൽ ഡ്രൈവിംഗ് സ്കൂളുകാർ ഈ നിർദ്ദേശം എതിർക്കാനിടയുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലത്തിന് അടിസ്ഥാന സൗകര്യമില്ലെന്നതാണ് മോട്ടോർവാഹനവകുപ്പ് നേരിടുന്ന പ്രധാന പ്രശ്നം. നിലവിലെ എട്ട്, എച്ച് ടെസ്റ്റുകൾക്ക് പകരം പാരലൽ റിവേഴ്സ് പാർക്കിംഗ്, കയറ്റത്ത് നിറുത്തി വാഹനം നീക്കുക തുടങ്ങിയവ ഏർപ്പെടുത്തണമെങ്കിൽ ടാറിട്ട ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ വേണം. പുറമ്പോക്കിലും റോഡരികിലുമൊക്കെയാണ് ടെസ്റ്റ് നടക്കുന്നത്.