
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല സംസ്ഥാനത്ത് ആദ്യമായി നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ പ്രോസസർ നിർമ്മിച്ചു . 'കൈരളി' എന്നു പേരിട്ടു. അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പുറത്തിറക്കും. കാർഷികമേഖലയിൽ ഉത്പാദന ക്ഷമത കൂട്ടുകയാണ് കൈരളിയുടെ ലക്ഷ്യം. കുറച്ചുസ്ഥലത്ത് കൂടുതൽ കൃഷി ചെയ്യാനാവുന്ന പ്രിസിഷൻ ഫാമിംഗ് ഉൾപ്പെടെയുള്ളവ ഇതിന്റെ സഹായത്തോടെ സംസ്ഥാനത്തും സാദ്ധ്യമാകുമെന്നു സർവകലാശാലാ അധികൃതർ പറഞ്ഞു.
ഗതാഗതം, ആരോഗ്യം, വ്യോമയാനം, മൊബൈൽ, ഡ്രോൺ തുടങ്ങിയ മേഖലകളിലും പ്രയോജനപ്പെടുത്താം.
അക്കാഡമിക് വിഭാഗം ഡീൻ ഡോ. അലക്സ് ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു വികസിപ്പിച്ചത്.
മദ്രാസ് ഐ.ഐ.ടി, സി– ഡാക് തുടങ്ങിയ സ്ഥാപനങ്ങൾ പ്രോസസറുകൾ വികസിപ്പിച്ചിട്ടുണ്ട്.
വെള്ളവും വളവും നൽകും
കൃഷിയിടങ്ങളിൽ 'കൈരളി' ചിപ്പ് സ്ഥാപിച്ച് വിത്തുകൾക്കു വേണ്ട വെള്ളവും വളവും കൃത്യമായ അളവിൽ യന്ത്രസഹായത്തോടെ വിതരണം ചെയ്യാനാകും.
എഡ്ജ് എ.ഐ സംവിധാനം ഉപയോഗിച്ചാകും പ്രോസസറുകൾ പ്രവർത്തിക്കുക. കേരളത്തിൽ ഡിസൈൻ ചെയ്ത ചിപ്പ് യു.എസിലാണു നിർമ്മിച്ചത്. എ.ഐ ചിപ്പുകൾ നിർമ്മിക്കുന്ന ലാബുകൾ രാജ്യത്ത് സജ്ജമായിട്ടില്ല.
#എ.ഐ പ്രോസസർ
1. നിർമ്മിതബുദ്ധി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വേഗതയും കൃത്യതയും കൂടിയ ചിപ്പുകളാണ് എ.ഐ പ്രോസസറുകൾ.
2.മൊബൈൽ ഫോൺ, ടാബ്ലറ്റുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങി ഡിജിറ്റൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളിലും പ്രോസസറുകളുണ്ട്.
3. ഡിജിറ്റൽ സംവിധാനത്തിന് പ്രവർത്തിക്കാനാവശ്യമായ നിരവധി നിർദ്ദേശങ്ങളെ മനുഷ്യ ഇടപെടലില്ലാതെ സ്വമേധയാ ഏകോപിപ്പിക്കാനും നടപ്പാക്കാനും കഴിയുന്ന ഷെഡ്യൂളുകളും നിർദ്ദേശങ്ങളും ക്രമീകരിച്ച് തയ്യാറാക്കുന്ന ചിപ്പുകളാണ് പ്രോസസർ.