തിരുവനന്തപുരം: നഗരത്തിൽ സർവീസ് നടത്തുന്ന ഇ ബസുകളുടെ നിരക്ക് വർദ്ധിപ്പിക്കൽ നടപടികൾ ആരംഭിച്ചു. ഒരു സവാരിക്ക് 10 രൂപ മാത്രം ഈടാക്കിയിരുന്ന രണ്ട് ബസ് സർവീസുകളെ പോയിന്റ് ടു പോയിന്റ് സർവീസാക്കി മാറ്റി. വൈകാതെ 10 എണ്ണം കൂടി നിരക്ക് കൂടിയ സർവീസിലേക്കു മാറ്റും. നിരക്ക് വർദ്ധിപ്പിക്കുന്നതിനെതിരെ മേയറും വി.കെ. പ്രശാന്ത് എം.എൽ.എയും രംഗത്തെത്തിയിട്ടും മന്ത്രി ഗണേശ്‌കുമാറിന്റെ നിർദേശ പ്രകാരമുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണ് കെ.എസ്.ആർ.ടി.സി.

സിറ്റി സ‌ർക്കുലറിലെ പേരൂർക്കടയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഓറ‌ഞ്ച് ബസ് സർവീസുകളെയാണ് പോയിന്റ് ടു പോയിന്റ് സ‌ർവീസാക്കി നിരക്ക് വർദ്ധിപ്പിച്ചത്. സാധാരണക്കാ‌ർ കൂടുതലായി ഉപയോഗിക്കുന്ന മെഡിക്കൽ കോളേജ് ബസ് സർവീസിൽ ഉൾപ്പെടെയാണ് നിരക്ക് വർദ്ധന.

സിറ്റി സർക്കുലർ ബസുകളിൽ ഏത് സ്ഥലത്താണെങ്കിലും പത്ത് രൂപയാണ് നിരക്ക്. എന്നാൽ പോയിന്റു ടു പോയിന്റ് സർവീസുകളിൽ സ്ഥലം അനുസരിച്ച് നിരക്ക് മാറും. എന്നാൽ സാധാരണ സർവീസുകളെക്കാൾ കുറവുമാണ്. 30 രൂപയ്ക്ക് ഒരു ദിവസം നഗരത്തിൽ സഞ്ചരിക്കാവുന്ന ടുഡെ ടിക്കറ്റും പോയിന്റ് ടു പോയിന്റ് സർവീസുകളിൽ അനുവദിക്കില്ല.

ഇ ബസുകൾ മാറ്റുന്നതിനെതിരേ ആദ്യം രംഗത്തെത്തിയ വി.കെ. പ്രശാന്ത് എം.എൽ.എയുടെ മണ്ഡലത്തിലെ ബസ് സ്റ്റാൻഡിൽ നിന്ന് പരിഷ്‌കരണം തുടങ്ങിയെന്നതും ശ്രദ്ധേയമാണ്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസുകളിലെ നിരക്കാണ് വർദ്ധിപ്പിക്കുന്നത്.

പോയിന്റ് ടു പോയിന്റ് സർവീസ്

ആദ്യ 15 കി.മീറ്റർ 10 രൂപ

18 കി.മീറ്റർ 15 രൂപ

20 കി.മീറ്റർ 20 രൂപ

22 കി.മീറ്റർ 25 രൂപ


നഗരസഭയെ പാട്ടിലാക്കാൻ നീക്കം

നഗരത്തിലോടുന്ന സ്മാർട്ട് സിറ്റി ബസ് സർവീസുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ നഗരസഭയുടെ കൂടി അനുവാദം വേണം. അതുകൊണ്ട് നഗരസഭ അധികൃതരുടെ കൂടി സമ്മതം തേടാനാണ് നീക്കം. കേന്ദ്ര, സംസ്ഥാന സ‌‌ർക്കാരുകളുടെ സഹായത്തോടെ നഗരസഭയാണ് ബസുകൾ ലഭ്യമാക്കുന്നത്. ആകെ 115 ബസുകളാണ് വാങ്ങി നൽകുക. ഇതിൽ 60 ബസുകൾ സർവീസ് നടത്തുന്നുണ്ട്. 20 ബസുകൾ പുതിയതായി എത്തി. ബാക്കിയുള്ളവ ഉടൻ എത്തും. അഞ്ച് വർഷത്തെ അറ്റകുറ്റപ്പണി കരാർ സഹിതമാണ് ഇ- ബസുകൾ വാങ്ങുന്നത്.

സമ്മതം വേണം


ഇ -ബസുകൾ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകാൻ തീരുമാനിച്ചത് ഹരിത നയത്തിന്റേയും നഗരത്തിലെ ചെറു റോഡുകളിലെ തിരക്ക് ഒഴിവാക്കാനുമാണ്. വാഹനങ്ങൾ വാങ്ങി നൽകുമ്പോൾ ഇതുസംബന്ധിച്ച് നഗരസഭയും കെ.എസ്.ആർ.ടി.സിയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ നിരക്ക് വർദ്ധന അടക്കം നടത്താൻ നഗരസഭയുമായി ചർച്ച നടത്തണം. നേരത്തെ കുറഞ്ഞ നിരക്ക് തീരുമാനിച്ചതും കോർപ്പറേഷൻ അധികൃതരുമായി ചർച്ച നടത്തിയാണ്.