bins

വൈ​ക്കം: 47കാരനെ കൊലപ്പെടുത്താൻ ശ്ര​മി​ച്ച​യാൾ അ​റ​സ്റ്റിൽ. ചെമ്പ് മത്തുങ്കൽ പരപ്പശേരിൽ വീട്ടിൽ ബിൻ​സിനെ (40) ആണ് വൈ​ക്കം പൊലീസ് അറസ്റ്റ് ചെയ്ത​ത്. ചെമ്മനാകരി മണ്ടയ്ക്കാട്ട് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന നാടൻ പാട്ടിന്റെ സമയത്ത് സ്റ്റേജിൽ കയറി തുള്ളി നാടൻപാട്ട് തടസപ്പെടുത്താൻ ശ്രമിക്കുകയായി​രു​ന്നു ഇ​യാൾ. ക്ഷേത്രകമ്മിറ്റി അംഗമാ​യ 47കാ​രനാ​യ ചെ​മ്മ​നാക​രി സ്വ​ദേ​ശി ഇത് ത​ട​ഞ്ഞി​രു​ന്നു. ഇതിലുള്ള വിരോധം മൂലം ഇതിനുശേഷം ബിൻ​സ് 47കാരനെ മർദ്ദിക്കു​കയും കല്ലുകൊണ്ട് തലയ്ക്ക്​ ഇടിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഇയാൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് വൈ​ക്കം പൊലീസ് കേ​സെ​ടു​ത്ത് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂ​ടു​കയായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എ​ച്ച്.ഒ രാജേന്ദ്രൻ നായർ, എസ്.ഐമാരായ സു​രേഷ്, സിജി, പ്രമോദ്, വിജയപ്രസാദ്, സി.പി.ഒ ജാക്സൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്​തത്. കോടതിയിൽ ഹാജരാ​ക്കി​യ പ്ര​തി​യെ റിമാൻഡ് ചെയ്തു.