
അങ്കമാലി: പാറക്കടവ് പുളിയനം മില്ലുപടിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പാറക്കടവ് പഞ്ചായത്തിലെ പുളിയനം മില്ലുപടി ഭാഗത്ത് പുന്നക്കാട്ട് വീട്ടിൽ ബാലന്റെ ഭാര്യ ലളിതയാണ് (62) ശനിയാഴ്ച കൊല്ലപ്പെട്ടത്. കൊല നടത്തിയതായി കരുതുന്ന ബാലൻ ഒളിവിലാണ്. ഓട്ടിസം ബാധിച്ച മകൾ മോനിഷയെ ടോയ്ലെറ്റിൽ അടച്ചിട്ടിരിക്കുകയായിരുന്നു. സമീപത്ത് മറ്റ് വീടുകളില്ല.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള മകൻ മോഹിന്ദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് വീടിനകത്തെ ഹാളിലെ സെറ്റിയിൽ ജഡം കണ്ടത്. കയറിന്റെ ഒരറ്റം സെറ്റിയിൽ കെട്ടിയ നിലയിലായിരുന്നു. മോഹിന്ദാണ് പൊലീസിൽ വിവരമറിയിച്ചത്.
രാവിലെ 8.30ന് മോഹിന്ദ് ജോലിക്ക് പോകുമ്പോൾ ബാലൻ വീട്ടിലുണ്ടായിരുന്നു. രാവിലെ 11.30 ഓടെ ബാലൻ മൂഴിക്കുളത്തെത്തി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ സൈക്കിളും കണ്ണടയും ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ഈ സമയത്തിനുള്ളിലാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു.
മോഹിന്ദിന്റെ ഗർഭിണിയായ ഭാര്യയും കുഞ്ഞും വീട്ടിൽ പോയിരിക്കുകയായിരുന്നു.
പിതാവ് അമ്മയോട് പതിവായി കലഹിച്ചിരുന്നെന്നും ക്രൂരമായി മർദ്ദിച്ചിരുന്നെന്നും മോഹിന്ദ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ആലുവ  എഫ്.ഐ.ടിയിൽ നിന്ന് വിരമിച്ച മരപ്പണിക്കാരനായ ബാലന് നാട്ടുകാരുമായി വലിയ അടുപ്പമില്ല. വല്ലപ്പോഴും മാത്രം വീട്ടിലെത്തുന്ന ഇയാൾ ലളിതയുമായി വഴക്കുണ്ടാക്കി പോയാൽ പിന്നീട് മാസങ്ങൾ കഴിഞ്ഞാണ് വരിക. ബാലന്റെ ക്രൂരമർദ്ദനം സഹിക്കാനാവാതെ ലളിത നാല് മാസം മുമ്പ് അങ്കമാലി പൊലീസിൽ പരാതി നൽകിയിരുന്നു. സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട ശേഷം ഇയാൾ മുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല.
ലളിതയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് സംസ്കരിച്ചു.