തൃപ്പൂണിത്തുറ: നഗരത്തിലെ ഫ്ലാറ്റിൽ തോക്ക് ചൂണ്ടി നാൽവർ സംഘം ഭീതി പരത്തി. ഇരുമ്പനം പുതിയ റോഡിലെ വാലി ഹെെറ്റ്സ് അപ്പാർട്ട്മെന്റി​ലാണ് ആണ് സംഭവം അരങ്ങേറിയത്. ഞായറാഴ്ച രാവിലെ 10 ഓടെ ഹ്യുണ്ടായി ഐ 20 കാറിൽ ഫ്ലാറ്റിലെത്തിയ സംഘം ഫ്ലാറ്റിൽ താമസിക്കുന്ന മരട് സ്വദേശിയായ രാമകൃഷ്ണൻ എമ്പ്രാതിരിയെക്കുറിച്ച് അന്വേഷിക്കുകയും സെക്യൂരിറ്റി ജീവനക്കാരൻ ഫോണിൽ രാമകൃഷ്ണനെ താഴേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. നാൽവർ സംഘം ഇയാളുമായി വാക്ക് തർക്കത്തിലേർപ്പെടുകയും സി.ബി.ഐ ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. കാറിൽ കയറി പോകാൻ ശ്രമിച്ച സംഘത്തിന്റെ കാറിന്റെ കീ രാമകൃഷ്ണൻ ബലമായി ഊരി എടുത്തതോടെ സംഘം രാമകൃഷ്ണന് നേരെ തോക്ക് ചൂണ്ടുകയും കാറിന്റെ കീ തിരികെ വാങ്ങി കടന്നു കളയുകയായിരുന്നു. സംഘം ഹിന്ദിയിലാണ് സംസാരിച്ചത്. വിവിധ കമ്പനികളുടെ ഇൻഷ്വറൻസ്, ഫിനാൻഷ്യൽ അഡ്വൈസർ ആയിട്ടാണ് രാമകൃഷ്ണൻ ജോലി ചെയ്യുന്നത്. ഹിൽപാലസ് പൊലീസിൽ പരാതി നൽകി. ഇവർ സഞ്ചരിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.