
കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിക്കിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. എടവിലങ്ങ് കുഞ്ഞയിനി കാരാഞ്ചേരി വീട്ടിൽ പുൽച്ചാടിയെന്ന് വിളിക്കുന്ന അജിത്ത് (24), എടവിലങ്ങ് സ്‌കൂളിന് സമീപം പുളിക്കപറമ്പിൽ അതുൽകൃഷ്ണ (18) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് രാത്രി 10.15 മണിയോടെ കൊടുങ്ങല്ലൂർ താലൂക്ക് ഹോസ്പിറ്റൽ ജംഗ്ഷന് പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന തട്ടുകടയുടെ മുന്നിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ കാര വാകടപ്പുറം ഇളയാരംപുരയ്ക്കൽ ഉണ്ണിക്കൃഷ്ണൻ മകൻ കാർത്തിക് (21) നാണ് പരിക്കേറ്റത്. മുഖത്തിനും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ കാർത്തിക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ അറസ്റ്റിലായത്. ഓണത്തിനും പുതുവത്സര ആഘോത്തിനോടനുബന്ധിച്ചും ഇരുസംഘം യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. കേസിലെ മറ്റ് പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഉർജ്ജിതമാക്കി. ഇൻസ്‌പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ ഹരോൾഡ് ജോർജ്, കശ്യപൻ, ജഗദീഷ്, എ.എസ്.ഐ: രാജൻ, സി.പി.ഒ: പി.ജി. ഗോപകുമാർ, ധനേഷ്, ഫൈസൽ, സുജീഷ്, സനേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.