കൊന്നക്കാട്: വിനോദ സഞ്ചാരികൾ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന കൊന്നക്കാട് ടൗണിനടുത്ത കോട്ടഞ്ചേരി മലനിരയോട് ചേർന്നുള്ള പട്ടികവർഗ കോളനി വ്യാജവാറ്റിന്റെ പിടിയിലായി. കോളനിയിലെ ഒരു വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യ നിർമ്മാണവും വിൽപ്പനയും തകൃതിയായി നടക്കുന്നതായി പരാതിയുണ്ടെങ്കിലും പൊലീസും എക്സൈസും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് കോളനിവാസികൾ പറയുന്നത്. കോട്ടഞ്ചേരിയിലെ മല കയറി കാട്ടിനുള്ളിലാണ് നേരത്തെ വ്യാജവാറ്റ് നടത്തിയിരുന്നത്. ഇപ്പോൾ ആനപ്പേടി കാരണം വനം വകുപ്പ് അധികൃതർ കാട്ടിനുള്ളിൽ കയുന്നത് വിലക്കിയത് കാരണം വ്യാജവാറ്റും വില്പനയും വീട്ടിൽ വെച്ചു തന്നെയാണെന്നും പറയുന്നു.
കോട്ടഞ്ചേരി കോളനിയിൽ 11 കുടുംബങ്ങളാണ് താമസിക്കുന്നത്. കോളനിയിൽ ബഹളവും സംഘർഷവും നിത്യ സംഭവമായതോടെ കുടിലുകളിലെ സ്കൂൾ കുട്ടികൾക്ക് രാത്രിയിൽ പഠിക്കാൻ പോലും കഴിയുന്നില്ലെന്ന് പറയുന്നു. നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഫോൺ വിളിച്ച് പറഞ്ഞാലും കിലോമീറ്ററുകൾ മല കയറി വരേണ്ടത് കൊണ്ട് ആരും തിരിഞ്ഞു നോക്കാറില്ലെന്ന് വ്യാജവാറ്റിനെതിരായി ശബ്ദമുയർത്തുന്ന കോളനിക്കാർ പറയുന്നു. കോളനിയിലെ കുടുംബശ്രീ പ്രവർത്തകർ ഇതിനെതിരായി രംഗത്തിറങ്ങാൻ തയ്യാറെടുക്കുകയാണ്.