jeep

അറക്കുളം: പതിപ്പിള്ളിയിൽ ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടർന്ന് ഭാര്യാമാതാവിന്റെ വീട്ടിലേക്ക് യുവാവ് ജീപ്പിടിച്ച് കയറ്റി. സിറ്റൗട്ടും വാതിലും ജനലുകളും തകർന്നു. സംഭവം പിഞ്ചുകുഞ്ഞടക്കം അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും വീട്ടിലുള്ളപ്പോൾ. വീട്ടുകാർ രക്ഷപ്പെട്ടത് അടുത്ത വീട്ടിൽ അഭയം പ്രാപിച്ച്.
ഭാര്യയ്ക്കും ഭാര്യാമാതാവിനും പരിക്കേറ്റു. സംഭവത്തിൽ പതിപ്പിള്ളി സൂര്യകുന്നേൽ പ്രേംജിത്തിനെ (കണ്ണൻ- 37) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. സംഭവം നടന്ന വീടിന് 150 മീറ്റർ അകലെയുള്ള വീട്ടിലാണ് കണ്ണൻ താമസിക്കുന്നത്. ഇവിടെ വച്ച് ഭാര്യയുമായി വഴക്കുണ്ടാകുകയും പേടിച്ച് കരഞ്ഞ ഇളയകുട്ടിയെ മർദ്ദിക്കുകയും ചെയ്തു. ഭയന്ന് ഭാര്യ 10, 8, 5 വീതം പ്രായമുള്ള കുട്ടികളുമായി അമ്മയുടെ അടുത്തേക്ക് പോയി. വൈകാതെ ഇവിടെ എത്തിയ കണ്ണൻ പ്രശ്‌നങ്ങളുണ്ടാക്കി. ഭാര്യയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും ഭാര്യാമാതാവിനെ അടിയ്ക്കുകയും ചെയ്തു. ഭാര്യാ സഹോദരിയേയും ആക്രമിക്കാൻ ശ്രമിച്ചു. പനിച്ച് വിറച്ചിരിക്കുന്ന കുഞ്ഞിനെ കൈയിൽ പിടിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഇതിനിടെ സമീപത്ത് താമസിക്കുന്ന ബന്ധുവെത്തിയതാണ് രക്ഷയായത്. കൊല്ലുമെന്ന് ഭീഷണിമുഴക്കിയായിരുന്നു ആക്രമണം. പിന്നാലെ സ്ത്രീകൾ വീട്ടിൽ കയറി വാതിലടച്ചു. ഈ സമയത്ത് സ്‌കൂൾ കുട്ടികളുമായി ഓട്ടം പോകുന്ന കമാൻഡർ ജീപ്പ് വീട്ടിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. മൂന്ന് തവണ വാഹനം മുന്നോട്ടും പിന്നോട്ടും എടുത്താണ് വാതിൽ പൊളിച്ചത്. ഈ സമയം ഏഴ് മാസം പ്രായമായ കുഞ്ഞുമായി വീട്ടുകാർ സമീപത്തെ വീട്ടിൽ അഭയം പ്രാപിച്ചു.
ബഹളം കേട്ട് ആളുകളെത്തിയങ്കെിലും അസഭ്യവർഷവുമായി ഇയാൾ വീടിന് മുന്നിൽ നിന്ന് മാറാതെ നിന്നു. വിവരമറിഞ്ഞ് പൊലീസെത്തിയാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കേസെടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. വീടിന് ഏകദേശം ഒരു ലക്ഷം രൂപയുടെ നാശമുണ്ടായിട്ടുണ്ട്. ഇതിന് മുമ്പും ഇയാൾ ഈ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയിട്ടുണ്ട്. തോക്കുമായെത്തി കൊല്ലുമെന്ന് ഭീഷണിമുഴക്കിയതായും വിവരമുണ്ട്.