കല്ലമ്പലം: ജംഗ്ഷനിലുണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് കത്താതായതോടെ കല്ലമ്പലം ഇരുട്ടിലായി. അതോടെ അപകടങ്ങളും നിത്യസംഭവമായി. മുൻപിവിടെ 2 ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിച്ചിരുന്നു. ഒരു വർഷത്തിന് മുൻപ് നിയന്ത്രണം തെറ്റിയ കാറിടിച്ച് ഒരു ഹൈമാസ്റ്റിന്റെ പ്രവർത്തനം നിലച്ചു. ഇത് അറ്റകുറ്റപ്പണികൾ ചെയ്ത് പ്രകാശിപ്പിക്കാൻ പിന്നീട് അധികൃതർ കൂട്ടാക്കിയില്ല. അവശേഷിച്ച ഒരെണ്ണത്തിന്റെ ലൈൻ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മേൽപ്പാലത്തിന്റെ പ്രാരംഭ ജോലികൾ നടക്കുന്നതിനാൽ വിച്ഛേദിച്ചു. ഇതോടെ കല്ലമ്പലം കൂരിരുട്ടിലായി. മറ്റ് തെരുവു വിളക്കുകളുണ്ടായിരുന്നെങ്കിലും 2 ഹൈമാസ്റ്റ് ലൈറ്റ് വന്നതോടെ ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്താതെ അവഗണിച്ചതിനാൽ അതും കണ്ണടച്ചു. മേൽപ്പാലത്തിനായി ജംഗ്ഷനിൽ പൈലിംഗ് നടക്കുന്നതിനാൽ റോഡിന്റെ പകുതിയോളം കൈയേറി അടച്ചിരിക്കുകയാണ്. കഷ്ടിച്ചൊരു വാഹനത്തിനു മാത്രമാണ് കടന്നുപോകാനാവുക. ആറ്റിങ്ങൽ ഭാഗത്തു നിന്നും പാരിപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനവും വർക്കലയിൽ നിന്നു വന്ന് ഇടത്തോട്ടു തിരിയുന്ന വാഹനവും ഒരുമിച്ചാകുമ്പോൾ അപകടത്തിൽപ്പെടുന്നു. റോഡിന്റെ വീതിക്കുറവാണ് ഇതിനു കാരണം. കൂരിരുട്ടിൽ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ കല്ലമ്പലം ജംഗ്ഷൻ എത്തിയതറിയാതെ ഡിവൈഡറുകളിലും മറ്റും ഇടിച്ചുകയറുന്നതും പതിവാണ്. നാല് റോഡുകൾ സംഗമിക്കുന്ന കല്ലമ്പലം ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫ്ലക്സ് ബോർഡുകളും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാകുന്നു. ലൈൻ മാറ്റിക്കൊടുത്ത് ഒരു ഹൈമാസ്റ്റ് ലൈറ്റെങ്കിലും തെളിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.