
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഊർജ്ജ പ്രതിസന്ധിയാണ്. ആധുനിക ലോകത്തിലെ മാറ്റങ്ങളും വികസനവും വലിയ തോതിൽ ഊർജ്ജം ആവശ്യപ്പെടുന്നതാണ്. ഭൂമിയിൽ നിന്നുള്ള ഊർജ്ജസ്രോതസ്സുകൾ എല്ലാക്കാലത്തേക്കും നിലനിൽക്കുന്നതല്ല. പെട്രോൾ തുടങ്ങിയ ഇന്ധനങ്ങളും നിലയ്ക്കാൻ അധികം വർഷങ്ങൾ വേണ്ട. ജലപ്രവാഹത്തിൽ നിന്നും കാറ്റിൽ നിന്നും മറ്റും ഉത്‌പാദിപ്പിക്കുന്ന ഊർജ്ജം ലോകത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യത്തിന് തികയുകയുമില്ല. എന്നാൽ സൂര്യനിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം ഭൂമിയും സൂര്യനും നിലനിൽക്കുവോളം ലഭിക്കുന്നതാണ്.
വരുംകാലങ്ങളിൽ സൗരോർജ്ജത്തിലൂടെയാകും ലോകം ചലിക്കുക. സൂര്യന്റെ താപത്തിൽ നിന്ന് ഊർജ്ജം ഉത്‌പാദിപ്പിക്കാൻ ഒരു പേറ്റന്റും ആരും എടുക്കേണ്ടതില്ല. അതിനാവശ്യമായ ആധുനിക സംവിധാനങ്ങൾ ഒരുക്കിയാൽ മാത്രം മതി. ഇതിന് തുടക്കത്തിൽ ചെലവ് കൂടുതലാണെങ്കിലും കാലക്രമേണ വൈദ്യുതി ബില്ലിൽ വരുന്ന കുറവിലൂടെ ലാഭകരമായി മാറും. ഊർജ്ജത്തിന്റെ കാര്യത്തിൽ ഏതെങ്കിലും കോർപ്പറേഷനെയോ ഏജൻസിയേയോ ആശ്രയിക്കാതെ സ്വയംപര്യാപ്തത നേടാനാകും എന്നതാണ് സോളാർ എനർജിയുടെ ഏറ്റവും വലിയ പ്രയോജനം.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് തിരികെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത ആദ്യ തീരുമാനം സൗരോർജ്ജവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തെ ഒരു കോടി വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ്ജ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട് 'പ്രധാനമന്ത്രി സൂര്യോദയ പദ്ധതി"യാണ് പ്രഖ്യാപിക്കപ്പെട്ടത്. സൂര്യവംശത്തിൽ നിന്നുള്ള ഭഗവാൻ ശ്രീരാമനിൽ നിന്നു പ്രസരിക്കുന്ന വെളിച്ചത്തിൽ നിന്നാണ് ലോകം ഊർജ്ജം സ്വീകരിക്കുന്നതെന്ന് സൂര്യോദയ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം സമൂഹമാദ്ധ്യമമായ എക്‌സിൽ എഴുതിയ കുറിപ്പിൽ മോദി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുന്നതിനു പുറമെ, ഇന്ത്യയെ ഊർജ്ജത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി തുടങ്ങുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിക്കുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ കേന്ദ്ര സബ്‌സിഡിയോടെ സോളാർ പുരപ്പുറ പദ്ധതി രാജ്യത്തുടനീളം പ്രാബല്യത്തിലുണ്ടെങ്കിലും അതിന് ലക്ഷ്യം കൈവരിക്കാനായിട്ടില്ല.
സബ്‌സിഡി ലഭിക്കുമെങ്കിലും, തുടക്കത്തിലെ വലിയ ചെലവാണ് സാധാരണക്കാരെ ഇതിൽ നിന്ന് അകറ്റിനിറുത്തുന്നത്. ഈ ചെലവ് കുറയ്ക്കാൻ പര്യാപ്തമായ ഗവേഷണങ്ങൾക്ക് സർക്കാരിന്റെ നേതൃത്വത്തിൽ മുൻതൂക്കം നൽകണം. മൂന്ന് കിലോ വാട്ട് ഉത്‌പാദന ശേഷിയുള്ള സോളാർ പ്ളാന്റ് മതിയാവും നാലഞ്ച് അംഗങ്ങളുള്ള ഒരു കുടുംബം കഴിയുന്ന വീടിന്. ഇതിന് ഇപ്പോൾ 54,000 രൂപ സബ്‌സിഡിയായി കേന്ദ്രത്തിൽ നിന്ന് ലഭിക്കും. പക്ഷേ ഇത് പൂർത്തിയാക്കാൻ സബ്‌സിഡിക്ക് പുറമെ ഒന്നര ലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടിവരും. അതിനാൽ സമൂഹത്തിന്റെ അടിത്തട്ടിലുള്ള സാധാരണക്കാർക്ക് ഇത് ഇപ്പോഴും അപ്രാപ്യമായി തുടരുകയാണ്. ഇതു കണക്കിലെടുത്ത് പുരപ്പുറ സോളാർ പദ്ധതി കൂടുതൽ ആകർഷകവും പ്രാപ്യവുമാക്കാനാണ് പ്രധാനമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കരുതാം. വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഏറ്റവും കൂടുതൽ ഗൃഹങ്ങളിൽ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളത്തിന്റെ സ്ഥാനം. അതിനാൽ സോളാർ ഊർജ്ജ മേഖലയിൽ വൻ കുതിപ്പു നടത്താൻ പുതിയ പദ്ധതികൾ സംസ്ഥാന സർക്കാരും തുടങ്ങേണ്ടത് ആവശ്യമാണ്.