
സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസ ഘടന ഉടച്ചുവാർക്കാൻ പോവുകയാണ്. വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് എം.എ. ഖാദറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് വന്നിട്ട് കുറെക്കാലമായി. ഇപ്പോഴാണ് അതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ റൂൾ തയ്യാറാവുന്നത്. ഇതുകൂടി ഉൾപ്പെടുത്തി മറ്റൊരു വിദഗ്ദ്ധ സമിതി വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിക്കഴിഞ്ഞു. സ്കൂൾ ഘടനയിലും അദ്ധ്യാപകരുടെ യോഗ്യതാ മാനദണ്ഡങ്ങളിലുമൊക്കെ കാതലായ മാറ്റങ്ങളാണ് ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. ശുപാർശകൾക്ക് സർക്കാർ അംഗീകാരം നൽകുന്ന മുറയ്ക്ക് പരിഷ്കാരങ്ങൾ നടപ്പിലാകും.
ശുപാർശയനുസരിച്ച് ഇനിമുതൽ എട്ടാം ക്ളാസ് മുതൽ 12-ാം ക്ളാസ് വരെയുള്ള ക്ളാസ്സുകൾ സെക്കൻഡറി വിഭാഗം എന്നറിയപ്പെടും. അഞ്ചു മുതൽ എട്ടുവരെ പ്രൈമറി വിഭാഗമാകും. ഒന്നു മുതൽ നാലു വരെ ലോവർ പ്രൈമറിയും. സെക്കൻഡറി ക്ളാസുകളിൽ പഠിപ്പിക്കുന്നവർ പി.ജി ബിരുദക്കാരാകണം. അതത് വിഷയങ്ങളിൽ അദ്ധ്യാപന പരിശീലനവും നേടിയിരിക്കണം. പ്രൈമറി അദ്ധ്യാപകരും ബിരുദധാരികളും അദ്ധ്യാപന പരിശീലനവും ഉള്ളവരായിരിക്കണം. ലോവർ പ്രൈമറി അദ്ധ്യാപകരുടെ യോഗ്യത 2030 വരെ പ്ളസ് ടുവും ഡി.എൽ.എഡുമായി തുടരുമെങ്കിലും അതുകഴിഞ്ഞ് പുതുതായി എടുക്കുന്നവർക്ക് ബിരുദം നിർബന്ധമാക്കും. സ്കൂൾ ഘടന മാറുന്നതിനൊപ്പം വിദ്യാഭ്യാസ ഓഫീസുകളുടെ ഘടനകളിലും മാറ്റമുണ്ടാകും. സെക്കൻഡറി വിഭാഗത്തിൽ ഇനി ഹെഡ്മാസ്റ്റർമാർ ഉണ്ടാകില്ല. പകരം പ്രിൻസിപ്പൽമാരാകും സ്കൂളുകളുടെ ഭരണത്തലവൻ. സെക്കൻഡറി തലത്തിൽ മാത്രമല്ല പ്രൈമറി - ലോവർ പ്രൈമറി വിഭാഗങ്ങളിലും സ്കൂൾ മേധാവി ഇനി പ്രിൻസിപ്പൽമാരായിരിക്കും.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകീകരണം ലക്ഷ്യമാക്കി നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്ക് അതിന്റേതായ മെച്ചമുണ്ടാകുമെന്നു തീർച്ച. ഇതോടൊപ്പം അദ്ധ്യയന നിലവാരം ഉയർത്താനാവശ്യമായ സുദൃഢ നടപടികൾ ഉണ്ടായാലേ പരിഷ്കാരങ്ങൾ പൂർണതോതിൽ സാർത്ഥകമായെന്നു പറയാനാവൂ.
പത്ത്, പന്ത്രണ്ട് വാർഷികപ്പരീക്ഷകളിലെ നൂറു ശതമാനത്തിനടുത്തുള്ള വിജയം ഉയർത്തിക്കാട്ടി ഔന്നത്യം നടിച്ചതുകൊണ്ടായില്ല. ഉയർന്ന വിജയം നേടി പുറത്തുവരുന്ന കുട്ടികളിൽ നല്ലൊരു കൂട്ടർ തെറ്റുകൂടാതെ രണ്ടു വാചകം പോലും എഴുതാൻ ത്രാണിയില്ലാത്തവരാണെന്ന് പരക്കെ അറിവുള്ളതാണ്. സമീപകാലത്ത് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ ഇക്കാര്യം സൂചിപ്പിച്ചത് വലിയ വിവാദമായതാണ്. നല്ല അടിസ്ഥാനം കിട്ടാതെ ഓരോ ക്ളാസ് കയറ്റവും ഉറപ്പാക്കുന്നതാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയ്ക്ക് കാരണമാകുന്നത്. ഒന്നാം ക്ളാസ് പൂർത്തിയാകുമ്പോൾ അക്ഷരമാലയെങ്കിലും ഹൃദിസ്ഥമാക്കാൻ പല കുട്ടികൾക്കും കഴിയുന്നില്ല. അതിന് അവരെ പ്രാപ്തരാക്കാൻ അദ്ധ്യാപകരും താത്പര്യമെടുക്കാറില്ല. എല്ലാ പാഠപുസ്തകങ്ങളിലും അക്ഷരമാല ഉൾപ്പെടുത്തുന്നതിലൂടെ മാത്രം നേടാനാവുന്ന കാര്യമല്ലിത്.
പാഠഭാഗങ്ങൾക്കപ്പുറം യാതൊന്നിനെക്കുറിച്ചും വലിയ ധാരണകളൊന്നുമില്ലാതെയാണ് കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. സ്കൂൾ പഠനകാലത്തുതന്നെ പലവിധ തൊഴിലുകളിൽ പ്രാഥമിക അറിവും പരിശീലനവും നൽകുന്നതാണ് പല വികസിത രാജ്യങ്ങളിലും കാണുന്ന വിദ്യാഭ്യാസ രീതി. ഇവിടെ ഇപ്പോഴും അത് ആലോചനാവിഷയം മാത്രമാണ്. പന്ത്രണ്ടാം ക്ളാസ് എന്നല്ല ബിരുദ - ബിരുദാനന്തര ഘട്ടം കഴിഞ്ഞ് പുറത്തുവരുന്നവർക്കുപോലും പ്രായോഗിക നിത്യജീവിതത്തിൽ അവശ്യം വേണ്ടുന്ന ഒരു കാര്യത്തിലും അറിവുണ്ടാകണമെന്നില്ല. അതുകൊണ്ട് ഏകീകൃത വിദ്യാഭ്യാസ പരിഷ്കാരം കൊണ്ടുവരുന്നതിനൊപ്പം യുവതലമുറയ്ക്ക് സമൂഹത്തിൽ പ്രായോഗിക ജീവിതത്തിനാവശ്യമായ കാര്യങ്ങളിൽ കൂടി അറിവു നൽകാനുള്ള ഏർപ്പാടുണ്ടാകണം. അഭിരുചിയുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കാനും അവ പഠിക്കാനും കുട്ടികൾക്ക് അനുമതിയുണ്ടാകണം. ഭാവിയിൽ യാതൊരു പ്രയോജനവുമില്ലാത്ത നിരവധി വിഷയങ്ങൾ പാഠഭാഗങ്ങളിലുൾപ്പെടുത്തി കുട്ടികളെ പരീക്ഷിക്കുന്നത് വ്യർത്ഥമാണ്. അതതു കാലത്തെ ഭരണാധികാരികളുടെ താത്പര്യവും ഇച്ഛയും കൂടി പാഠപുസ്തകങ്ങളിൽ കടന്നുകൂടുമ്പോൾ കുട്ടികൾ കൂടുതൽ നിസ്സഹായരാകുന്ന സ്ഥിതിയും ഉണ്ടാകാറുണ്ട്.