തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലക്സിൽ മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയത്തിന്റെ നിർമ്മാണം അടുത്തമാസം 10നകം പൂർത്തിയാകും.നിലവിൽ നിർമ്മാണപ്രവർത്തനം 90 ശതമാനത്തിലധികം പൂർത്തിയായി.

ചുറ്റുമതിൽ കെട്ടൽ,വൈദ്യുതി,കുടിവെള്ള കണക്ഷനുകൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് ശേഷിക്കുന്നത്. നിർമ്മാണം പൂർത്തിയായശേഷം പാർക്കിംഗ് നിരക്കുകൾ നിശ്ചയിച്ച് എത്രയുംവേഗം ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. സാഫല്യം കോംപ്ലക്സിന്റെ പരിപാലനച്ചുമതലയുള്ള തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ)യാണ് മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയത്തിന്റെ ഉടമസ്ഥർ. അതിനാൽ ട്രിഡയാണ് പാർക്കിംഗ് നിരക്കുകൾ നിശ്ചയിക്കുക.

മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയത്തിൽ 568 കാറുകളും 200ലധികം ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാനാകും.വീട്ടിൽ ഇരുന്ന് പാർക്കിംഗിന് സ്ഥലം ഉണ്ടോയെന്ന് കണ്ടെത്താൻ സ്മാർട്ട് പാർക്കിംഗ് സൗകര്യവും ഒരുക്കും. നിലവിൽ കണ്ണിമേറ മാർക്കറ്റ്,യൂണിവേഴ്സിറ്റി കോളേജിന് മുൻവശം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുകാരണം രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. സാഫല്യം കോംപ്ലക്സിലെ മൾട്ടിലെവൽ പാർക്കിംഗ് യാഥാർത്ഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

''നിലവിൽ പാർക്കിംഗ് നിരക്കുകൾ നിശ്ചയിച്ചിട്ടില്ല. നിർമ്മാണം പൂർത്തിയാക്കി പാർക്കിംഗ് സമുച്ചയം ട്രിഡയ്ക്ക് ലഭിച്ചശേഷമേ ഇതുസംബന്ധിച്ച് തീരുമാനമെടുക്കൂ''

(എൽ. ദീപ, ട്രിഡ സെക്രട്ടറി)